നവകേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്
text_fieldsകരകയറട്ടെ അരുവിക്കര
24 മണിക്കൂറും സേവനം ലഭിക്കുന്ന ആശുപത്രിയും സര്‍ക്കാര്‍ കോളജും ഇന്നും മണ്ഡലത്തിലില്ല. അരുവിക്കര നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് അത്യാഹിതങ്ങൾ സംഭവിച്ചാൽ നഗരത്തിലെ ആശുപത്രികളെ ആശ്രയിക്കണം. ആദിവാസി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും അകലെയാണ്. പേപ്പാറ, ബോണക്കാട്, മീൻമുട്ടി, അരുവിക്കര, കാപ്പുകാട് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ഫലവത്തായ പദ്ധതികൾ ഉണ്ടായില്ല.
- 110 കോടി രൂപ ചെലവിടുന്ന കോട്ടൂര്‍ ഗജഗ്രാമം പദ്ധതി ഇഴഞ്ഞുനീങ്ങുന്നു
- വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബോണക്കാട് തേയിലത്തോട്ടത്തിലെ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് വേണം. എസ്റ്റേറ്റ് പ്രവർത്തിപ്പിക്കണം.
- ആര്യനാട് ഹൗസിങ് ബോര്‍ഡ് കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം ലഭിച്ചില്ല.
- കെ.എസ്.ആര്.ടി.സി ബസുകളുടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് കാരണം വിദ്യാർഥികൾ സ്കൂളിലെത്താൻ ബുദ്ധിമുട്ടുന്നു.
- നൂറുമേനി നെല്ല് വിളയിച്ച പാടങ്ങളൊക്കെ അപ്രത്യക്ഷമായി.
- സമൃദ്ധിയോടെ കൃഷി ചെയ്തിരുന്ന സ്ഥലങ്ങളൊക്കെ വന്യമൃഗശല്യം കാരണം തരിശിട്ടുതുടങ്ങി
- വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെ കണക്കും അധികൃതരുടെ പക്കലില്ല. ഇതു ശേഖരിക്കാൻ സംവിധാനമൊരുക്കണം
ദേശീയപാത വികസനത്തിന് കാത്തിരിപ്പ്
നെയ്യാറ്റിന്‍കരക്കു ചുറ്റുമുള്ള പ്രദേശം കൈത്തറിക്കും മറ്റു വ്യവസായങ്ങള്‍ക്കും പേരുകേട്ടതാണ്. കുടിവെള്ളക്ഷാമവും പൊട്ടിപ്പൊളിഞ്ഞ റോഡുകളുമുള്‍പ്പെടെ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ നിരവധിയുണ്ട്. കരമന-കളിയിക്കാവിള ദേശീയപാത വികസനം മുഖ്യവിഷയമാണ്. രാജഭരണകാലത്തെ റോഡില്‍ ടാറിട്ടതൊഴികെ മറ്റൊരു വികസനവും ഇതേവരെ ദേശീയപാതയില്‍ നടന്നിട്ടില്ല. വികസനം ഇതാ അരികിലെത്തിയെന്ന് പലവട്ടം പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും കാത്തിരിപ്പ് തുടരുന്നു. കുപ്പിക്കഴുത്തുപോലുള്ള റോഡുകള്‍ താണ്ടി പോകണമെങ്കില്‍ മണിക്കൂറുകൾ വേണം.
- . വൈദ്യുതിശ്മശാനം കടലാസില്‍ ഒതുങ്ങിയിട്ട് കാലങ്ങളായി. നെയ്യാറ്റിന്‍കരക്കാർ 20 കിലോമീറ്റർ അകലെ തൈക്കാട് ശാന്തികവാടത്തിലാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്.
- താലൂക്ക് ആശുപത്രിയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ പുതുക്കിയില്ല.
- പലയിടത്തും കുടിവെള്ളക്ഷാമമുണ്ട്. ആറാലുംമൂട് വാട്ടര്‍ അതോറിറ്റിയുടെ കീഴിലെ പല പ്രദേശങ്ങളിലും കുടിവെള്ളത്തിനായി ദിവസങ്ങളോളം കാത്തിരിക്കണം.
- നെയ്യാറ്റിൻകര മിനി സിവില്‍ സ്റ്റേഷന് അറ്റകുറ്റപ്പണി നടത്താതെ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്.
- ഈരാറ്റിന്പുരം വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടു ത്തുന്ന വികസനവും സുരക്ഷയൊരുക്കലും ആവശ്യമാണ്.
- ഗ്രാമീണ റോഡുകൾ തകർച്ചയിൽ. മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ടും കുഴികളും അപകടം വിതക്കുന്നു.
- .ശക്തമായ മഴപെയ്താല്‍ നെയ്യാറ്റിന്‍കര രാമേശ്വരം, അമരവിള ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലാകും.
- നെയ്യാർ കരകവിയുന്നതോടെ വെള്ളപ്പൊക്കവും കൃഷിനശിക്കലും പതിവ്.
ടൗൺ വികസനവും റോഡ് നവീകരണവും അടിയന്തര ആവശ്യം
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച കരമന-കാട്ടാക്കട-മണ്പത്തിന്കടവ് റോഡിന്റെ നവീകരണവും കാട്ടാക്കട ടൗണ്‍ വികസനവും ഇപ്പോഴും യാഥാർഥ്യമായില്ല. മണ്ഡപത്തിന്‍കടവ് മുതല്‍ കുണ്ടമന്‍കടവ് വരെയുള്ള റോഡ് വീതികൂട്ടലും നവീകരണവും പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ കാട്ടാക്കട-തിരുവനന്തപുരം റോഡിലെ യാത്ര ദുരിതമായി. കാട്ടാക്കട മുനിസിപ്പാലിറ്റി എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
- പലപ്പോഴായി പ്രഖ്യാപിച്ച കുടിവെള്ള പദ്ധതികൾ പലതും മുടങ്ങിക്കിടക്കുന്നു.
- നെയ്യാര്‍ കാട്ടാക്കട മണ്ഡലത്തിലൂടെ ഒഴുകുന്നുണ്ടെങ്കിലും ബൃഹദ് പദ്ധതികള്‍ ഒന്നുംതന്നെയില്ല.
- ലൈഫ് മിഷൻ, മണ്ണും വീടും പദ്ധതികളിൽ അർഹരായ പലരും തഴയപ്പെട്ടു. ഓരോ വർഷവും അപേക്ഷകർ വർധിച്ചുവരുകയാണ്.
- മണ്ഡലത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സക്ക് മെഡിക്കൽ കോളജിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കണം.
- മലയിന്‍കീഴ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും ആവശ്യത്തിന് സൗകര്യങ്ങളോ ജീവനക്കാരോ ഇല്ല.
- കാർഷികരംഗം പൊതുവെ ശുഷ്കമാണ്. പള്ളിപ്പുറം ഏല ഉൾപ്പെടെ വലുതും ചെറുതുമായ പാടങ്ങൾ മണ്ണിട്ടുനികത്തിയതോടെ നെൽകൃഷി ഇല്ലാതായി.
പറയുവാനുണ്ട് പാറശ്ശാലക്ക്
മലയോര മേഖലയിലേക്കുള്ള കെ.എസ്.ആര്.ടി.സി സർവിസുകൾ അപര്യാപ്തമാണ്. വെള്ളറട പഞ്ചായത്തിൽ വികസനസാധ്യതയുണ്ട്. കാളിമല, കുരിശുമല തീർഥാടന സങ്കേതങ്ങളും ഇവിടെയുണ്ട്.
പ്ലാങ്കുടിക്കാവ് ടൂറിസം പോലുള്ള കാര്യമായ പദ്ധതികള്‍ നടപ്പാക്കണമെന്ന ആവശ്യവും നടപ്പായില്ല. മലയോരപ്രദേശമായ അമ്പൂരി, കള്ളിക്കാട്, വെള്ളറട പഞ്ചായത്തുകളിലെ കുന്നുകളുടെ സംരക്ഷണത്തിനും പദ്ധതികള്‍ ഉണ്ടായിട്ടില്ല. ആര്യങ്കോട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ വേനല്‍ക്കാലത്തെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരം വേണം.
- യഥാസമയം റീടാറിങ് നടക്കാത്തതും ഗുണമേന്മയില്ലാത്തതും റോഡുകളുടെ തകർച്ചക്ക് വഴിവെക്കുന്നു.
- ഗ്രാമീണ റോഡുകൾ തകർന്ന് കുഴികൾ രൂപപ്പെട്ടു.
- മലയോര ഹൈവേയിലെ അശാസ്ത്രീയ ഓടനിർമാണം വെള്ളക്കെട്ടിന് കാരണമാകുന്നു.
- അഞ്ചുചങ്ങല പ്രദേശത്തെ പട്ടയവിതരണം പതിറ്റാണ്ടുകളായി നടക്കാത്തതുമൂലം ആയിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയിൽ.
- ഭൂരഹിതരും ഭവനരഹിതരും മണ്ഡലത്തിൽ ഏറെയാണ്.
- . പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മിക്കവയിലും കിടത്തിച്ചികിത്സയില്ല
- താലൂക്ക് ആശുപത്രിയിൽ രോഗികൾ വർധിച്ചതിനനുസരിച്ച് സൗകര്യങ്ങളും ഡോക്ടർമാരുമില്ല
- വെള്ളറട, മായം, കുന്നത്തുകാല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.