ആറ്റിങ്ങലിലും കാട്ടാക്കടയിലും ലീഡ് എൻ.ഡി.എക്ക്
text_fieldsതിരുവനന്തപുരം: ത്രികോണപ്പോരിന്റെ ചൂടും ചൂരുമറിഞ്ഞ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ആറ്റിങ്ങൽ ഉൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടിടത്ത് ലീഡ് എൻ.ഡി.എക്ക്. ആറ്റിങ്ങലിന് പുറമെ കാട്ടാക്കട നിയമസഭ മണ്ഡലത്തിലാണ് ആദ്യമായി എൻ.ഡി.എ ഭൂരിപക്ഷം നേടിയത്.
അതേസമയം നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളിൽ യു.ഡി.എഫ് ആണ് മുന്നിലെത്തിലയത്. അവസാന നിമിഷം യു.ഡി.എഫിന്റെ അടൂർ പ്രകാശിന് തുണയായതും ഈ മണ്ഡലങ്ങളിലെ ലീഡാണ്.
എൽ.ഡി.എഫിന് അൽപമെങ്കിലും ആശ്വസിക്കാൻ വഴി നൽകിയത് വർക്കല ആണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായ വി. ജോയിയുടെ മണ്ഡലമായ വർക്കലയിൽ മാത്രമാണ് ഇടതുപക്ഷത്തിന് ലീഡുണ്ടായത്.
സിറ്റിങ് എം.എൽ.എ കൂടിയായ വി. ജോയിയുടെ മണ്ഡലമായ വർക്കലയിലും ഇടതുപക്ഷത്തിന് കാലിടറിയെങ്കിൽ ജോയിക്ക് അത് വലിയ തിരിച്ചടിയായി മാറിയേനെ. ഇതൊക്കെ ആണെങ്കിലും ഇഞ്ചോടിച്ച് പോരാട്ടത്തിൽ നന്നെ വിയർത്താണ് അടൂർ പ്രകാശ് ജയിച്ചുകയറിയത്. അതും 684 വോട്ടിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപഷത്തിൽ. 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിനെക്കാൾ എല്ലാ മണ്ഡലത്തിലും അടൂർ പ്രകാശിന് വോട്ട് കുറഞ്ഞു. വർക്കല ഒഴിച്ചുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ വോട്ടിലും കുറവുണ്ടായി. എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരനാകട്ടെ എല്ലാ മണ്ഡലങ്ങളിലും വോട്ട് വർധിപ്പിക്കുകയും ചെയ്തു. നെടുമങ്ങാട്-395, ചിറയൻകീഴ്-2821, വാമനപുരം-5050, അരുവിക്കര-2232 എന്നിങ്ങനെയാണ് അടൂർ പ്രകാശിന്റെ ഭൂരിപക്ഷം.
വർക്കലയിൽ 5114 വോട്ടാണ് എൽ.ഡി.എഫിന് ലീഡുണ്ടായിരുന്നത്. വർക്കലയിലും ആറ്റിങ്ങലിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. അതേസമയം കാട്ടാക്കടയിൽ എൽ.ഡി.എഫാണ് മൂന്നാം സ്ഥാനത്ത്. ആറായിരത്തിലേറെ വോട്ടുകൾക്കാണ് സി.പി.എം പിന്നിലായത്. എൻ.ഡി.എ മുന്നിലെത്തിയ രണ്ട് മണ്ഡലങ്ങളിലും നല്ല ഭൂരിപക്ഷവുമുണ്ടായിരുന്നു. ആറ്റിങ്ങലിൽ 6287 വോട്ടിന്റേയും കാട്ടാക്കടയിൽ 4779 വോട്ടിന്റേയും ഭൂരിപക്ഷമാണ് ലഭിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. രണ്ട് മുന്നണികൾക്കും ഒപ്പത്തിനൊപ്പം നിന്ന ബി.ജെ.പി അരുവിക്കരയിലാണ് പിന്നാക്കം പോയത്. പതിനായിരത്തിലേറെ വോട്ടിനാണ് ഇവിടെ പിന്നിലായത്. എൽ.ഡി.എഫ് ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു.
2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏഴിൽ ആറ് മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു അടൂർ പ്രകാശിന്റെ വിജയം. കഴിഞ്ഞ തവണ എൽ.ഡി.എഫ് മുന്നിലെത്തിയ നെടുമങ്ങാട്ട് ഇത്തവണ അടൂർ പ്രകാശിന് 395 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. അതേസമയം 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും ആധിപത്യം എൽ.ഡി.എഫിനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.