12 വയസ്സുകാരനോട് ലൈംഗികാതിക്രമം; 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
text_fieldsആറ്റിങ്ങൽ: 12 വയസ്സുകാരനോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് വ്യത്യസ്ത കുറ്റങ്ങളിലായി 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വഞ്ചിയൂർ കടവിള സ്വദേശി സജിയെയാണ് (35) ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി പ്രഭാഷ് ലാൽ ടി.പി ശിക്ഷിച്ചത്.
2017 ലെ സ്കൂൾ മധ്യവേനൽ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. മിഠായി കൊടുത്ത് ആൾതാമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് ആരോപിക്കപ്പെട്ട കുറ്റം.
ഭയപ്പാടിലായ കുട്ടി ആദ്യദിവസങ്ങളിൽ ആരോടും വിവരം പറഞ്ഞില്ലെങ്കിലും കുറച്ച് ദിവസത്തിനുശേഷം കൂട്ടുകാരൻ വഴി മാതാവ് അറിയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 35 വയസ്സുകാരനായ പ്രതി 12 വയസ്സുകാരനെതിരെ നടത്തിയ ലൈംഗിക അതിക്രമത്തിന് കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കുട്ടിയോട് പ്രതി കാണിച്ച അതിക്രമത്തിന്റെ കാഠിന്യവും ഇരയുടെ പ്രായവും ജീവിത അന്തരീക്ഷവും കണക്കാക്കുമ്പോൾ കോടതി ഉത്തരവായ നഷ്ടപരിഹാരത്തുക അപര്യാപ്തമെന്നു കണ്ട് മതിയായ നഷ്ടപരിഹാര തുക നൽകുന്നതിന് ഉത്തരവിലൂടെ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശം നൽകി.
12 വയസ്സിൽ താഴെയുള്ള കുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് പ്രകാരവും പോക്സോ നിയമത്തിലെ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ ചുമത്തപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു.
പിഴയൊടുക്കുന്ന സാഹചര്യത്തിൽ തുക നഷ്ടപരിഹാരമെന്ന നിലയിൽ ഇരക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ രണ്ടുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. ഇര പോക്സോ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ട വകുപ്പ് പ്രകാരം കഠിനതരമായ ലൈംഗികാതിക്രമത്തിന് വിധേയനായെന്നത് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ 10 വർഷം കഠിനതടവും 50000 രൂപ പിഴ ശിക്ഷയും കൂടി കോടതി വിധിച്ചു.
ഈ പിഴ തുകയും ഒടുക്കുന്ന സാഹചര്യത്തിൽ തുക നഷ്ടപരിഹാരം എന്ന നിലയിൽ ഇരക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ രണ്ടുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. ജയിലിൽ കിടന്ന റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവായി.
പ്രതി പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരവുമുള്ള കുറ്റം ചെയ്തതായി കണ്ടെത്തി വ്യത്യസ്ത നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രത്യേകം ശിക്ഷ വിധിച്ചെങ്കിലും കോടതി രണ്ട് നിയമപ്രകാരമുള്ള കുറ്റങ്ങൾക്കുമുള്ള ശിക്ഷ ഒരേ കാലാവധിയിൽ അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിലുണ്ട്.
2017ൽ ആറ്റിങ്ങൽ പൊലീസ് സബ് ഇൻസ്പെക്ടർ തൻസിം അബ്ദുൽ സമദ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ എം. അനിൽകുമാർ കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.