അടച്ചിട്ടിരുന്ന ഹോട്ടലില്‍നിന്ന് 40 കിലോ കഞ്ചാവും മയക്കുമരുന്നും പിടിച്ചു
text_fieldsആറ്റിങ്ങല്‍: ദേശീയപാതക്കരികിൽ ആലംകോടിന് സമീപം അടച്ചിട്ടിരുന്ന ഹോട്ടലില്‍ നിന്ന് എക്സൈസ് സംഘം 40 കിലോ കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ, ഒരാൽ രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ കീഴാറ്റിങ്ങല്‍ മുളവനത്ത് വീട്ടില്‍ പി.അര്‍ജുന്‍നാഥ് (27), കീഴാറ്റിങ്ങല്‍ എം.സി.നിവാസില്‍ എം.അജിന്‍മോഹന്‍ (25), ആറ്റിങ്ങല്‍ ഗവ.ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയില്‍ ആര്. ഗോകുല്‍രാജ് (26) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലോറിഡ്രൈവര്‍ ആലംകോട് തൊപ്പിച്ചന്ത പെരുംകുളം എഫ്.എഫ്.മന്‍സിലില്‍ എന്‍. ഫഹദ് (28) രക്ഷപ്പെട്ടു.
കഞ്ചാവ് കടത്താനുപയോഗിച്ച ഒരു ലോറി, രണ്ട് ആഡംബരകാറുകള്‍, നോട്ടെണ്ണല്മെഷീന്, രണ്ട് ത്രാസുകള്‍ എന്നിവയും 92,000 രൂപ, എട്ട് എ.ടി.എം കാര്‍ഡ്, നാല് പാസ്ബുക്കുകള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.സവാള, കന്നുകാലി, കോഴി എന്നിവയെ കൊണ്ടുവരുന്ന ലോറികളിലൊളിപ്പിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്.
ആലംകോട് ജങ്ഷനുസമീപം പ്രവർത്തനം നിലച്ച അവിക്സ് സൊസൈറ്റിയുടെ വക കെട്ടിടം ഫഹദ് വാടകയ്ക്കെടുത്ത് ബാംബൂ എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ച ഹോട്ടല്‍ പിന്നീട് പ്രവര്‍ത്തിച്ചിട്ടില്ല. എന്നാലിവിടെ അടുത്തകാലത്ത് സവാള സംഭരിച്ച് വ്യാപാരം തുടങ്ങി. ഇതിെൻറ മറവിലായിരുന്നു കഞ്ചാവ് വ്യാപാരം.
ഹോട്ടലിനുള്ളിലും ലോറിയിലും അര്ജുന്നാഥിെൻറ വീട്ടിലുമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ ഗോകുല്‍രാജ് അടുത്തകാലത്താണ് മറ്റുപ്രതികള്‍ക്കൊപ്പം ചേര്‍ന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എൻജിനീയറിങ് കഴിഞ്ഞ് വിദേശത്ത് ജോലിചെയ്തിരുന്നയാളാണിയാള്. ഹഷീഷ് ഓയില്‍, സ്റ്റാമ്പ് എന്നിവയും ഇവര്‍ വിറ്റിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് വിൽക്കാനാണ് ഇവര്‍ കഞ്ചാവെത്തിച്ചിരുന്നത്. ഓണ്‍ലൈനിലൂടെയാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പണം കൈമാറുന്നതും ഓണ്ലൈന്വഴിയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
എക്സൈസ് ആറ്റിങ്ങല്‍ സി.ഐ എസ്. അജിദാസ്, വര്‍ക്കല സി.ഐ നൗഷാദ്, കിളിമാനൂര്‍ ഇന്‍സ്പെക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രിവൻറിവ് ഒാഫിസര്‍മാരായ ഉദയകുമാര്‍, അഷ്റഫ്, രാകേഷ്, ഷൈജു, സിവില്‍ എക്സൈസ് ഒാഫിസര്‍മാരായ ബിനു, ഷിബു, വനിതാ എക്സൈസ് ഒാഫിസര്‍മാരായ മഞ്ജുഷ, ലിജി, സി.ഒ.മാരായ ആദര്‍ശ്, ചന്തു, സജീര്‍, വിജയകുമാര്‍, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ശനിയാഴ്ച പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.