ഉടമസ്ഥനില്ലാതെ പോത്തിൻകൂട്ടം: ജനം പരിഭ്രാന്തരായി
text_fieldsആറ്റിങ്ങൽ: ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിഞ്ഞ പോത്തിൻകൂട്ടം ജനങ്ങളെ പരിഭ്രാന്തരാക്കി. ആറ്റിങ്ങൽ അവനവഞ്ചേരി ചിറ്റായിക്കോണം ആയിരവില്ലി ക്ഷേത്രത്തിനു സമീപമാണ് സംഭവം. റോഡിൽ അഴിച്ചുവിട്ട പോത്തുകളെ കണ്ട് ഭയന്ന് പരിസരവാസികൾ വീടുകളിലൊളിച്ചു.
വാഹന യാത്രക്കാർക്കും പോത്തുകൾ മാർഗതടസ്സം സൃഷ്ടിച്ചു. ചുറ്റുമതിലില്ലാത്ത വീടുകൾക്ക് മുന്നിൽ പോത്തുകളെത്തി. കൃഷിയും പൂന്തോട്ടവും നശിപ്പിച്ചു. ഇതോടെ, ജനം നഗരസഭയിലും പൊലീസിലും വിവരമറിയിച്ചു. നഗരസഭ അധികൃതർ പോത്തുകളെ പിടിച്ചുകെട്ടാൻ പരിചയ സമ്പന്നനായ വ്യക്തിയെ ചുമതലപ്പെടുത്തി. ആഹാരവും വെള്ളവും നൽകാനും നിർദേശം നൽകി. ഉടമസ്ഥരെ കണ്ടെത്തുമ്പോൾ ചെലവായ തുക ഈടാക്കും.
ഏഴുദിവസത്തിനകം ഉടമസ്ഥർ തെളിവ് സഹിതം ഹാജരായി പോത്തുകളെ ഏറ്റുവാങ്ങണമെന്നും അല്ലെങ്കിൽ നിയമപരമായി ലേലം ചെയ്യുമെന്നും അറിയിച്ച് നഗരസഭ നോട്ടീസ് പ്രസിദ്ധീകരിച്ചു. 10 പോത്തുകളെയും മൂന്ന് എരുമകളെയുമാണ് പിടിച്ചുകെട്ടിയത്. നാൽപതോളം പോത്തുകൾ രാവിലെ ഉണ്ടായിരുന്നതായും ഇവ പല ഭാഗത്തേക്ക് വഴിതെറ്റി പോയിട്ടുണ്ടാകാമെന്നുമാണ് നാട്ടുകാർ പറയുന്നത്.
കാലിക്കച്ചവടക്കാരിൽനിന്ന് നഷ്ടപ്പെട്ടവയാകുമെന്നാണ് പൊലീസ് അനുമാനം. ചുമതലപ്പെട്ട ജോലിക്കാർ ഉപേക്ഷിച്ച് കടന്നതാകാമെന്നും കരുതുന്നു. പ്രദേശത്തെ പ്രധാന കാലി കച്ചവടക്കാരുമായി പൊലീസും നാട്ടുകാരും ബന്ധപ്പെടുന്നുണ്ട്. രണ്ടു കിലോമീറ്റർ അകലെയാണ് മാമം കാലിച്ചന്ത. ഇവിടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് വൻകിട കച്ചവടക്കാരും എത്തുന്നുണ്ട്. 200 കാലികളെ വരെ ഒന്നിച്ചെത്തിച്ച് വിൽപന നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.