യുവതികളെ വശീകരിച്ച് പീഡിപ്പിച്ച ശേഷം സ്വർണവും പണവും കവരുന്ന യുവാവ് അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: സോഷ്യൽ മീഡിയ വഴി യുവതികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം സ്വർണവും പണവും കവരുന്ന യുവാവ് അറസ്റ്റിലായി. കോട്ടയം കൊടുങ്ങല്ലൂർ വാഴൂർ പരിയാരത്ത് വീട്ടിൽ കൃഷ്ണരാജ് ആണ്(24) അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂ ട്യൂബ്, ടിക്-ടോക് എന്നിവ വഴി സമ്പന്ന കുടുംബങ്ങളിലെ യുവതികളെ പരിചയപ്പെട്ട് വശീകരിച്ച ശേഷം സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം ചിത്രങ്ങളും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവരുന്നതാണ് രീതി. ആറ്റിങ്ങൽ മുദാക്കൽ വാളക്കാട് സ്വദേശിനിയായ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ച് അഞ്ചു ലക്ഷം രൂപയും എട്ട് പവൻ സ്വർണാഭരണങ്ങളും ഭീഷണിപ്പെടുത്തി കൈക്കലാക്കിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ പ്രതി യുവാക്കളെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി വരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിനിമ പ്രൊഡ്യൂസർ ആണെന്ന രീതിയിൽ പ്രൊഫൈൽ സെറ്റ് ചെയ്ത ശേഷം ആകർഷകമായ തരത്തിൽ വിഡിയോ റീൽസ് ചെയ്ത് യുവതികളെ വശത്താക്കുകയാണ് ചെയ്തത്. പ്രതിയുടെ ഭീഷണിയും പീഡനവും സഹിക്ക വയ്യാതെ പരാതിക്കാരി തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന് പരാതി നൽകുകയും തുടർന്ന് ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അടുത്തിടെ കണ്ണൂർ തലശ്ശേരി സ്വദേശിനിയായ ഒരു യുവതിയെ പരിചയപ്പെട്ട പ്രതി സ്ഥലത്ത് ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്. മഞ്ജുലാലിന്റെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ ജി, എസ്.ഐമാരായ സജിത്, ജിഷ്ണു, ബിജു ഹക്ക്, സുനിൽ കുമാർ, പൊലീസുകാരായ ശരത് കുമാർ, സീന എന്നിവരടങ്ങിയ സംഘമാണ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
സിനിമയിലേക്ക് ചാൻസ് തരപ്പെടുത്തുന്ന രീതിയിലും തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ആഴ്ച തോറും ഫോണുകളും സിമ്മുകളും മാറ്റി ഉപയോഗിക്കുന്ന പ്രതിയെ സോഷ്യൽമീഡിയ അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷത്തിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.