വഞ്ചിയൂർ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്‍റും തെരുവുവിളക്ക് പദ്ധതിയും ഉപേക്ഷിച്ച നിലയിൽ
text_fieldsആറ്റിങ്ങൽ: പഞ്ചായത്ത് അവഗണിച്ചു, വഞ്ചിയൂരിലെ ബയോഗ്യാസ് തെരുവുവിളക്കുകൾ പ്രവർത്തന രഹിതം. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ഒന്നാകെ മാതൃകയായി വിശേഷിപ്പിക്കപ്പെട്ട പദ്ധതിയാണ് ആലംകോട് വഞ്ചിയൂരിൽ ബയോഗ്യാസ് ഉപയോഗിച്ച് തെരുവുവിളക്ക് പ്രവർത്തിപ്പിക്കുന്ന പദ്ധതി.
മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്ന പദ്ധതിയായിരുന്നു. വലിയതോതിൽ മാംസമാലിന്യം പുറംതള്ളുന്ന മാർക്കറ്റാണ് വഞ്ചിയൂർ മാർക്കറ്റ്. വലിയ മാലിന്യ പ്രശ്നം ഇവിടത്തെ ജനം നേരിട്ടിരുന്നു. ഈ മാലിന്യം പൂർണമായും സംസ്കരിക്കാൻ ഉതകുന്ന പദ്ധതിയാണ് ബയോഗ്യാസ് പ്ലാൻറിൽ നടപ്പാക്കിയത്.
പ്ലാൻറിൽനിന്നുള്ള ഊർജം വൈദ്യുതിയായി മാറ്റി ഒരു കിലോമീറ്റർ പരിധിയിലെ വഴിവിളക്കുകൾ പ്രവർത്തിക്കുകയാണ് ചെയ്തത്. ഇതിനായി മാർക്കറ്റ് മുതൽ വഞ്ചിയൂർ ജങ്ഷന് ഒരു കിലോമീറ്റർ പരിധിയിൽ വഴിവിളക്കുകൾ സ്ഥാപിച്ചു. പ്ലാൻറിനോട് ചേർന്ന് ഗ്യാസിനെ വൈദ്യുതിയായി രൂപാന്തരപ്പെടുത്തുന്നതിനുള്ള അനുബന്ധ സംവിധാനങ്ങളും ഒരുക്കി.
കെ. സുഭാഷ് പഞ്ചായത്ത് പ്രസിഡൻറായിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ മുൻകൈയിലാണ് പദ്ധതി വരുന്നത്. ആദ്യഘട്ടത്തിൽ മാതൃകപരമായി പ്രവർത്തിപ്പിച്ചു. ബയോടെക് എന്ന കമ്പനിയാണ് നോഡൽ ഏജൻസിയായത്. പവർകട്ട് സമയത്തും വഞ്ചിയൂരിൽ അന്ന് തെരുവുവിളക്കുകൾ പ്രവർത്തിച്ചിരുന്നു.
പദ്ധതി യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്രവർത്തനം നിലച്ചു. മാറിവന്ന പഞ്ചായത്ത് കമ്മിറ്റികൾ പുനരുദ്ധാരണ ബാധ്യത ഏറ്റെടുക്കാൻ തയാറായില്ല. ഇതോടെ വഞ്ചിയൂർ മാർക്കറ്റ് മാലിന്യകേന്ദ്രവും തെരുവുനായ്ക്കളുടെ സങ്കേതവുമായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.