ചിറയിൻകീഴിലെ ഗതാഗതക്കുരുക്കഴിക്കാൻ ബദൽ സംവിധാനം
text_fieldsആറ്റിങ്ങൽ: ചിറയിൻകീഴിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്ജ് നിർമാണത്തോടനുബന്ധിച്ചുണ്ടായ ഗതാഗതക്കുരുക്ക് മാറ്റുന്നതിനായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവന്നത്.
ആറ്റിങ്ങലിൽനിന്ന് ചിറയിൻകീഴിലേക്ക് വരുന്ന ബസുകൾ വലിയകട ജങ്ഷനിൽ യാത്രക്കാരെ ഇറക്കാതെ താൽക്കാലിക ബസ്സ്റ്റാൻഡിൽ ആളെ ഇറക്കണം. വലിയകടയിൽനിന്ന് 150 മീറ്റർ മാത്രം അകലെയാണ് താൽക്കാലിക ബസ്സ്റ്റാൻഡ്. സ്റ്റോപ് ഒഴിവാക്കുന്നതോടെ ഇവിടെ ബസ് നിർത്തുന്നതുമൂലമുണ്ടാകുന്ന തിരക്ക് ഒഴിവാകും.
ചിറയിൻകീഴിൽനിന്ന് അഴൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വലിയകട ജങ്ഷനിലെ ബസ്സ്റ്റോപ്പിൽനിന്ന് യാത്രക്കാരെ കയറ്റരുത്. യാത്രക്കാർ താൽക്കാലിക ബസ്സ്റ്റാൻഡിൽനിന്ന് അഴൂർ ഭാഗത്തേക്കുള്ള വാഹനങ്ങളിൽ കയറണം.
വലിയകടയിൽനിന്ന് ശാർക്കര, പണ്ടകശാല ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ മഞ്ചാടിമൂട് റെയിൽവേ ഗേറ്റ് വഴി കടകം ജങ്ഷൻ വഴി ശാർക്കര ജങ്ഷനിലെത്തി ഇടത്തേക്കു തിരിഞ്ഞുപോകണം. പണ്ടകശാലനിന്ന് ശാർക്കര ക്ഷേത്രം റോഡ് വഴി വലിയക്കടയിലേക്കും അഴൂരേക്കും പോകേണ്ട വാഹനങ്ങൾ ശാർക്കര ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ശാർക്കര റെയിൽവേ ഗേറ്റ് വഴി വലിയകടയ്ക്കും അഴൂരേക്കും പോകണം.
ശാർക്കര ക്ഷേത്രം ചുറ്റി പണ്ടകശാല ഭാഗത്തുപോകേണ്ട സ്കൂൾ ബസ് ഉൾപ്പെടെ വലിയ വാഹനങ്ങളുടെ യാത്ര ഈ റോഡ് വഴി താൽക്കാലികമായി നിരോധിച്ചു. റോഡ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്.
യാത്രക്കാരും ജനങ്ങളും നിർദേശങ്ങൾ പാലിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, അംഗം ആർ. സുഭാഷ്, ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.