പുതച്ചിറ ഏലായിലെ തരിശുപാടത്ത് ആമ്പൽ വസന്തം
text_fieldsആറ്റിങ്ങൽ: തരിശുപാടത്തെ ആമ്പൽ വസന്തം, ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാർ. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പഴഞ്ചിറക്കും മണ്ണാത്തിമൂലക്കും ഇടയിലുള്ള പുതച്ചിറ ഏലായിലാണ് റോഡിനിരുവശങ്ങളിലുമായി ഏക്കർ കണക്കിന് പാടത്ത് കണ്ണെത്താദൂരം ആമ്പൽ പൂത്തുനിൽക്കുന്നത്.
നിത്യവും ആയിരക്കണക്കിന് വെള്ളാമ്പൽ പൂക്കളാണിവിടെ വിരിയുന്നത്. മുമ്പ് നെൽകൃഷി ചെയ്ത പാടങ്ങളായിരുന്നു ഇവിടം. വെള്ളക്കെട്ടായതിനാൽ കുറ്റിചേറാടി നെൽകൃഷിയാണ് ഇവിടെ കൃഷിയിറക്കിരുന്നത്. നെൽകൃഷി നിർത്തിയതോടെ പാടം തരിശായി. പിന്നീട് പാടത്തെ ചെളി ഇഷ്ടിക നിർമാണത്തിനായി നീക്കംചെയ്തു. അതോടെ നെൽകൃഷി അപ്രാപ്യമായി. പിന്നീട് അങ്ങിങ്ങ് ആമ്പൽ പൂക്കൾ കണ്ടു.
വർഷങ്ങൾ കഴിഞ്ഞതോടെ ഇത് വളർന്ന് ഏക്കറുകണക്കിന് പാടങ്ങളിൽ ആമ്പൽ നിരന്നു. ആർക്കോവേണ്ടി പൂക്കുകയാണിപ്പോൾ. ഒരിക്കലും വറ്റാത്ത നീരുറവയാണിന്നിപ്പോൾ.
ആമ്പലിന് പുറമെ അപൂർവ ഇനം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണി മേഖല. കുളക്കോഴി മുതൽ വിവിധയിനം കൊക്കുകൾ അടക്കം ദേശാടന പക്ഷികൾ വരെ ഇവിടെയുണ്ട്. ഇവയിൽ അപൂർവ ഇനങ്ങൾ മുതൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങൾ വരെയുണ്ട്. കുളക്കോഴിയിൽ തന്നെ വിവിധയിനങ്ങൾ ഇവിടെയുണ്ട്. സ്ഥിരം വെള്ളക്കെട്ടായതിനാൽ നിരവധിയിനം മത്സ്യ സമ്പത്തുമുണ്ട്.
ഇവിടെ സംരക്ഷിച്ച് വിനോദസഞ്ചാര കേന്ദ്രം അല്ലെങ്കിൽ പരിസ്ഥിതിപഠന കേന്ദ്രം സ്ഥാപിക്കണമെന്ന് അഭിപ്രായമുയരുന്നു. ടൂറിസം സാധ്യത വളർത്തിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.