ആനത്തലവട്ടം; കയർത്തൊഴിലാളികളുടെ ഇതിഹാസ നായകൻ
text_fieldsആറ്റിങ്ങൽ: ജില്ലയിലെ കയർത്തൊഴിലാളികളുടെ ഇതിഹാസതുല്യനായ നായകനാണ് ആനത്തലവട്ടം ആനന്ദൻ. സ്കൂൾ വിദ്യാർഥി ആയിരിക്കുമ്പോൾതന്നെ കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ആരംഭിച്ചാണ് പിൽക്കാലത്ത് സി.പി.എമ്മിന്റെ കേരളത്തിലെ ശബ്ദമായി മാറിയത്.
1954 കാലഘട്ടത്തിൽ ഒരു പയ്യൻ ഒരുകൈയിൽ പുസ്തകക്കെട്ടും മറുകൈ മുഷ്ടി ചുരുട്ടി വാനിലുയർത്തി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു നീങ്ങുന്ന കാഴ്ച രാഷ്ട്രീയ ഭേദമന്യേ ചിറയിൻകീഴുകാർ ഓർത്തെടുക്കുന്നു. പാവപ്പെട്ട കയർത്തൊഴിലാളികളുടെ വേതനം വാങ്ങിനൽകുന്നതിനും മോശം പെരുമാറ്റത്തിനുമെതിരെ മുതലാളിയുടെ വീട്ടിലേക്കായിരുന്നു ഈ മാർച്ച്.
രാവിലെ തൊഴിലാളി ജാഥ നയിച്ച് മുതലാളിയുടെ വീട്ടിലെത്തും. സമരക്കാരെ കൊണ്ടിരുത്തി മുദ്രാവാക്യം വിളി തുടർന്നശേഷം സ്കൂൾ സമയമാകുമ്പോൾ സ്കൂളിലേക്ക് പോകുകയും വൈകുന്നേരം സ്കൂൾ വിട്ട് വീണ്ടും സമരക്കാർക്കൊപ്പം ചേരുകയും സന്ധ്യയാകുമ്പോൾ മുദ്രാവാക്യം വിളിച്ച് തെരുവിലൂടെ കടന്നുപോകുകയും ചെയ്യുമായിരുന്നു.
തൊഴിലാളി വർഗത്തോട് ശക്തമായ ആഭിമുഖ്യവും അവകാശസമര പോരാട്ടവീര്യവും പ്രകടിപ്പിച്ചിരുന്ന ആ കുട്ടി സഖാവ് സ്കൂൾ ലീഡറായി.
അതിരാവിലെ ഉണർന്ന് വീട്ടുകാർക്കൊപ്പം കയറുപണിയും ചെയ്ത് അച്ഛന്റെ ചായക്കടയിൽ സഹായിയായി കൂടിയശേഷമായിരുന്നു സ്കൂളിൽ വിദ്യാഭ്യാസത്തിന് പോകുന്നത്. വീട്ടിലെത്തിയാലോ പാതിരാത്രിവരെ ജോലി. സമരങ്ങളുടെ വേലിയേറ്റംതന്നെ കയർത്തൊഴിലാളികൾക്കുവേണ്ടി അദ്ദേഹം സൃഷ്ടിച്ചു.
പിൽക്കാലത്ത് കയർത്തൊഴിലാളികൾക്ക് ലഭിച്ച എല്ലാ നേട്ടങ്ങൾക്കും ഈ പ്രക്ഷോഭങ്ങളായിയിരുന്നു മുതൽകൂട്ടായത്. കൂലി വർധന പലപ്പോഴായി നടന്നിട്ടുണ്ട്. എന്നാൽ, നിലവിലുള്ള കൂലി മൂന്നിരട്ടിയായി വർധിപ്പിച്ച ചരിത്രം ഒന്നേയുള്ളൂ, അതും കയർത്തൊഴിലാളികൾക്ക്.
1972 ൽ അച്യുതമേനോൻ മന്ത്രിസഭയിൽ തൊഴിൽവകുപ്പ് മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ് ഇത് പ്രഖ്യാപിച്ചത്. ആനത്തലവട്ടം ആനന്ദൻ നയിച്ച ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു തീരുമാനം. ആനത്തലവട്ടം സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സമരവേദിയിൽ വന്ന് മന്ത്രിക്ക് ഇത് പ്രഖ്യാപിക്കേണ്ടിയും വന്നിരുന്നു. 1.25 രൂപയായിരുന്ന കൂലി 3.30 ആക്കി വർധിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.
തൊഴിലാളികൾ ആവശ്യപ്പെട്ട തുക അനുവദിച്ചു നൽകി. ആനന്ദൻ കയർ മേഖലയിൽ ഇറങ്ങുമ്പോൾ എട്ടണയായിരുന്നു അവരുടെ കൂലി. അത് 350 രൂപവരെ ആക്കി വർധിപ്പിച്ചത് അദ്ദേഹത്തിന്റെ സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമാണ്.
സർക്കാർതലത്തിൽ ചീഫ് വിപ്പ് കഴിഞ്ഞാൽ ഔദ്യോഗികമായി ലഭിച്ച ഉത്തരവാദിത്തവും കയർ മേഖലയുമായി ബന്ധപ്പെട്ടവയായിരുന്നു. കയർ കമീഷൻ ചെയർമാൻ, കയർ അപെക്സ് ബോർഡ് വൈസ് ചെയർമാൻ, കയർഫെഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളായിരുന്നു.
കിട്ടിയ ജോലികൾ ഉപേക്ഷിച്ച് തൊഴിലാളി പോരാട്ടങ്ങൾക്ക് മുന്നിട്ടിറങ്ങി
ആറ്റിങ്ങൽ: ഇന്റർമീഡിയറ്റ് പാസായശേഷവും സമരപഥങ്ങളിൽ ആനത്തലവട്ടം ആനന്ദൻ സജീവമായിരുന്നു. ജോലി ചെയ്തിട്ട് മതിയായ കൂലി ലഭിക്കാത്തതിന്റെ പേരിൽ വീണ്ടും സമരമാരംഭിച്ചു. സമരത്തിന് നേതൃത്വം കൊടുക്കുന്നതോ യൗവനത്തിലേക്ക് കടന്ന വിദ്യാർഥി സമരനേതാവ്.
കയർ ഉൽപാദനമേഖലയാകെ സമരം ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും സമരം ഒത്തുതീർപ്പിലെത്താതെ തൊഴിലാളികൾ പട്ടിണികൊണ്ട് പൊറുതിമുട്ടിയ അവസരത്തിലാണ് വെസ്റ്റേൺ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ആനന്ദന് ജോലിക്കുള്ള ഓർഡർ ലഭിച്ചത്. പട്ടത്താനത്തെ സുന്ദരേശനും കടവറയിലെ താരേശനുമാണ് ഒപ്പം നിയമനം കിട്ടിയ രണ്ടുപേർ.
കയർ തൊഴിലാളി സമരത്തിന് നേതൃത്വം നൽകുന്ന ആ യുവനേതാവ് ജോലിക്ക് ഉത്തരവ് ലഭിച്ച വിവരം വീട്ടുകാർ ഉൾപ്പെടെ ആരെയുമറിയിക്കാതെ മറച്ചുവെച്ചു. ഈ വിവരം മറ്റാരെയും അറിയിക്കരുതെന്ന് സുന്ദരേശനെയും താരേശനെയും അറിയിച്ചു.
എന്നാൽ, താരേശൻ ആനന്ദന്റെ അയൽവാസിയായ ഭാനുദാസ് വഴി വിവരം ആനന്ദന്റെ വീട്ടിലറിയിച്ചു. ജോലി സ്വീകരിക്കണമെന്ന് വീട്ടുകാർ ഉപദേശിച്ചു. സ്കൂളിലെ ആക്സിലറി കേഡറ്റ് കോർപ്സ് ക്യാപ്റ്റനായിരുന്ന അവസരത്തിൽ പട്ടാളത്തിൽ ചേരാൻ കിട്ടിയ അവസരവും പാർട്ടിക്കായി ഉപേക്ഷിച്ചെങ്കിലും റെയിൽവേയിൽ കിട്ടിയ നല്ല ജോലി സ്വീകരിക്കാനായി കഷ്ടപ്പാടിൽ ജീവിക്കുന്ന സഹോദരിമാരുടെയും ബന്ധുക്കളുടെയും വൻസമ്മർദമുണ്ടായി. കയർ ഉൽപാദകനായ ഒരു ബന്ധുവും ശക്തമായ സമ്മർദവുമായി രംഗത്തുവന്നു.
ആനന്ദൻ തന്റെ നിലപാട് കടുപ്പിച്ചു. അവകാശ സമര പോരാട്ടത്തിനായി കയർ തൊഴിലാളികളെ സമരരംഗത്തിറക്കുന്നതിൽ പ്രധാന പങ്കുവഹിച്ച തനിക്ക് തൊഴിലാളികളെ പാതിവഴിയിൽ ഉപേക്ഷിച്ച് സ്വന്തം ഭാവി കരുപ്പിടിപ്പിക്കാൻ താൽപര്യമില്ലെന്ന് പ്രഖ്യാപിച്ചു. അങ്ങനെ ജോലി സ്വീകരിക്കാതെ തൊഴിലാളി സമരരംഗത്തേക്കുതന്നെ ഇറങ്ങിത്തിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.