അംഗൻവാടിയിൽ ആധുനിക സൗകര്യങ്ങളുണ്ട്, വൈദ്യുതി ഇല്ല, കുരുന്നുകൾ ദുരിതത്തിൽ
text_fieldsആറ്റിങ്ങൽ: ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന് കഴിഞ്ഞിട്ടും അഞ്ചുതെങ്ങിലെ ആധുനിക സജ്ജീകരണങ്ങളോടെ നിർമിച്ചതെന്ന് അധികൃതർ അവകാശപ്പെടുന്ന അംഗൻവാടിയിൽ വൈദ്യുതിയില്ല. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പുത്തൻനട വാർഡിലെ 10ാം നമ്പർ അംഗൻവാടിയിലാണ് വൈദ്യുതി ലഭിക്കാത്തത്.
ഒരു വർഷമായി ഈ അംഗൻവാടി സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇരുപതോളം കുഞ്ഞുങ്ങളെ വൈദ്യുതി ഇല്ലാത്ത കെട്ടിടത്തിലിരുത്തിയാണ് ക്ലാസ് നടത്തുന്നത്. നേരത്തേ വാടക കെട്ടിടത്തിന്‍റെ വരാന്തയിലായിരുന്നു ഇവിടെ അംഗൻവാടി. അന്ന് വാർഡ് മെംബർ ആയിരുന്ന എസ്. പ്രവീൻചന്ദ്ര നിരന്തരം നടത്തിയ സമരങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ അംഗൻവാടി നിർമിക്കാൻ കഴിഞ്ഞത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ട് 2000-2001 ഉപയോഗിച്ചാണ് ആറാം വാർഡ് 10ാം നമ്പർ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമിച്ചത്. 2020 നവംബർ ഒന്നിന് അന്നത്തെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷാണ് ഉദ്ഘാടനം നിർവഹിച്ചത്. അന്ന് ആധുനിക സജ്ജീകരണങ്ങളോടെ നിർമിച്ചു എന്ന് അധികൃതർ അവകാശപ്പെട്ട കെട്ടിടത്തിനാണ് വർഷം ഒന്ന് കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാത്തത്.
വൈദ്യുതി ലഭിക്കുവാനായി പോസ്റ്റ് സ്ഥാപിക്കണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. ഇതിനായി 15,000ത്തോളം രൂപ കെ.എസ്.ഇ.ബിക്ക് നൽകേണ്ടിവരും. ഈ തുക നൽകാൻ കഴിയാതെ പോയതാണ് നിലവിലെ പ്രശ്നം. ഫണ്ട് കണ്ടെത്തി നൽകുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ച കുരുന്നുകൾ അനുഭവിക്കേണ്ട അവസ്ഥയാണ്.
കുടിവെള്ളത്തിന്റെ കാര്യത്തിലും ഈ അംഗൻവാടി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വല്ലപ്പോഴുമെത്തുന്ന കുടിവെള്ളം ശക്തികുറവ് ആയതിനാൽ ടാങ്കിൽ ശേഖരിക്കാൻ കഴിയാത്തത് ഇവിടത്തെ കുടിവെള്ള ഉപയോഗത്തെയും ശൗചാലയ ഉപയോഗത്തെയും ബാധിച്ചിട്ടുണ്ട്. പലപ്പോഴും ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
അടിയന്തരമായി വിഷയത്തിൽ പരിഹാര നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.