രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ; അഗ്നിശമന ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsആറ്റിങ്ങല്‍: കിണര്‍ ഇടിഞ്ഞുവീണ് തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ നാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഫയര്‍ഫോഴ്‌സ് ജീവനക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി.
വക്കം വലിയപള്ളിക്ക് സമീപത്ത് നടന്ന അപകടത്തില്‍ മരിച്ച പ്രസാദിനെ രക്ഷിക്കാന്‍ നാട്ടുകാരും തൊഴിലാളികളും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് വലിയ പരിശ്രമമാണ് നടത്തിയത്.
ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു വക്കം വലിയപള്ളിക്ക് സമീപം ഹുസൈെൻറ വീട്ട് പരിസരത്തെ കിണര്‍ നിര്‍മാണത്തിനിടെ അപകടമുണ്ടായത്.
മണ്ണിടിഞ്ഞുവീണ് പ്രസാദാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ഉടന്‍തന്നെ നാട്ടുകാരും തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് ആറ്റിങ്ങലില്‍നിന്ന് സ്ഥലത്തെത്തുമ്പോഴേക്കും പ്രസാദിെൻറ ശരീരം പുറത്ത് കാണുന്നവിധം മണ്ണ് മാറ്റിക്കഴിഞ്ഞിരുന്നു. രണ്ടാമതും മണ്ണിടിച്ചില്‍ ഉണ്ടായതോടെ എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിലേക്ക് രക്ഷാപ്രവര്‍ത്തന രീതി മാറ്റി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് സമാന്തരമായി മണ്ണ് നീക്കം ചെയ്താണ് പ്രസാദിെൻറ മൃതദേഹം പുറത്തെടുത്തത്.
രണ്ടാമത്തെ മണ്ണിടിച്ചിലില്‍ അഞ്ചടിയോളം മണ്ണ് പ്രസാദിെൻറ ദേഹത്ത് മൂടപ്പെട്ടിരുന്നു. ഇത് അത്രയും നീക്കം ചെയ്യേണ്ടിവന്നതിനാലാണ് കാലതാമസമുണ്ടായത്.
ഒന്നരയോടെയാണ് മൃതദേഹം കരക്കെടുക്കാനായത്. അഡ്വ.ബി. സത്യന്‍ എം.എല്‍.എ, തഹസില്‍ദാര്‍ മനോജ്, ആറ്റിങ്ങല്‍ ഫയര്സ്റ്റേഷന് ഓഫിസര്‍ സിജാം, സിവില്‍ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
അപകടകാരണം സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാത്തത്
ആറ്റിങ്ങല്‍: വക്കം കിണര്‍ ഇടിഞ്ഞ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടകാരണം സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാത്തതും അശാസ്ത്രീയതയും. മണല്‍ അംശം വളരെ കൂടുതലുള്ളതാണ് ഇവിടത്തെ മണ്ണ്. ഇത്തരം സ്ഥലങ്ങളില്‍ കിണര്‍ കുഴിക്കുമ്പോള്‍ അതോടൊപ്പം കോണ്‍ക്രീറ്റ് റിങ് കൂടി ഇറക്കിപ്പോകും.
ഇതില്‍നിന്ന് വ്യത്യസ്തമായി കുഴിക്കുള്ളില്‍ അച്ചിറക്കി അതിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നരീതിയില്‍ ഇവിടെ തൊഴിലാളികള്‍ ചെയ്തത്. വീതി കുറഞ്ഞതാണ് കിണര്‍. ഇതിനകത്ത് രണ്ട് റിങ് സ്ഥാപിച്ചുകഴിഞ്ഞിരുന്നു. മൂന്നാമത്തെ റിങ്ങിെൻറ അച്ചിനുള്ളില്‍ കോണ്‍ക്രീറ്റ് നിറയ്ക്കുന്നതിനിടയിലാണ് അപകടം. പൂര്‍ത്തിയായ റിങ്ങുകള്‍ക്കുള്ളിലിരുന്ന് ജോലി ചെയ്യുകയായിരുന്നു പ്രസാദ്. അതിനാലാണ് പൂര്‍ണമായും മണ്ണിനാല്‍ മൂടപ്പെട്ടത്. മാത്രവുമല്ല അടിയന്തരഘട്ടത്തില്‍ കയറിയിറങ്ങുന്നതിന് കയര്‍ കെട്ടുകയോ മറ്റ് സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.