കൊല്ലമ്പുഴ ക്ഷേത്രകലാപീഠം മാറ്റാൻ വീണ്ടും നീക്കം
text_fieldsആറ്റിങ്ങൽ: കൊല്ലമ്പുഴ കോയിക്കൽ ക്ഷേത്രകലാപീഠ വാദ്യോപകരണ പഠനകേന്ദ്രം മാറ്റിക്കൊണ്ടുപോകാനുള്ള അണിയറ നീക്കം വീണ്ടും. വിവിധയിനം വാദ്യോപകരണങ്ങൾ പഠിപ്പിക്കുന്ന കൊല്ലമ്പുഴ ക്ഷേത്രകലാപീഠം ഏറെനാളായി വിജയകരമായി പ്രവർത്തിക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണിത്. സമീപപ്രദേശങ്ങളിലെ കുട്ടികൾ ഉൾപ്പെടെ ധാരാളം പേർക്ക് ഉപയോഗപ്രദമാണ് ഈ സ്ഥാപനം. നിലവിൽ 40 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. പഠിച്ചിറങ്ങുന്നവർക്കെല്ലാം ദേവസ്വം ബോർഡിൽ നിയമനം കിട്ടും എന്ന പ്രത്യേകതയുമുണ്ട്.
കൊല്ലമ്പുഴ കൊട്ടാരത്തിന്റെ ഭാഗമായ മനോഹരമായ കെട്ടിടത്തിലാണ് ക്ഷേത്രകലാപീഠം പ്രവർത്തിക്കുന്നത്. അടുത്തകാലത്ത് വൻ തുക െചലവാക്കി കെട്ടിടം നവീകരിച്ചിരുന്നു. കഥകളി പഠനവും ഇവിടെ ആരംഭിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് നാടിന്റെ അഭിമാനമായ ഈ സ്ഥാപനം ഇവിടെനിന്ന് മാറ്റിക്കൊണ്ടുപോകാനുള്ള അണിയറനീക്കങ്ങൾ വീണ്ടും ആരംഭിച്ചത്.
മുമ്പ് നടന്ന നീക്കം നാട്ടുകാർ ശക്തമായി ചെറുത്തതിന്റെ ഫലമായി നടക്കാതെ പോയി. കൂടുതൽ പഠനകേന്ദ്രങ്ങൾ ഇവിടെ ആരംഭിക്കാനും അന്ന് ദേവസ്വം ബോർഡ് ആലോചിച്ചിരുന്നു. ക്ഷേത്ര കലാപീഠം മാറ്റിക്കൊണ്ടുപോകാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ നാട്ടുകാർ ശക്തമായ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.