അഭിഭാഷക പ്രകടനത്തിനിടെ ബൈക്ക് യാത്രികർക്കു നേരെ ആക്രമം
text_fieldsആറ്റിങ്ങൽ: അഭിഭാഷക സമരത്തിനിടെ ഇരുചക്രവാഹന യാത്രക്കാർക്ക് മർദനം. ആറ്റിങ്ങലിൽ പൊലീസിന് എതിരെ സമരം നടത്തിയ അഭിഭാഷകരുടെ പ്രകടനത്തിനിടെയാണ് സംഘര്‍ഷവും ദേശീയപാതയിലൂടെ കടന്നുപോയ ഇരുചക്രവാഹന യാത്രക്കാർക്ക് നേരെ അക്രമവും നടന്നത്.
അഭിഭാഷകന് പൊലീസ് മര്‍ദമനമേറ്റ സംഭവത്തില്‍ കുറ്റാരോപിതരായവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാലസമരത്തിനോടനുബന്ധിച്ച് അഭിഭാഷകര്‍ വ്യാഴാഴ്ച വൈകീട്ട് നാലിന് നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അഭിഭാഷകരുടെ മര്‍ദനമേറ്റ ആറ്റിങ്ങല്‍ കണ്ണങ്കരക്കോണം മഞ്ഞവിളവീട്ടില്‍ അനന്തു (24) വലിയകുന്ന് താലൂക്കാശുപത്രിയില്‍ ചികിത്സതേടി.
കച്ചേരിനടയില്‍നിന്നാരംഭിച്ച അഭിഭാഷകരുടെ പ്രകടനം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്നിലെത്തിയപ്പോഴും തിരിച്ച് കച്ചേരിനടയിലെത്തിയപ്പോഴുമാണ് സംഘർഷം ഉണ്ടായത്. റോഡ് പൂർണമായും തടസ്സപ്പെടുത്തിയാണ് പ്രകടനം നീങ്ങിയത്. ഇതു കാരണം മുന്നോട്ട് പോകാൻ കഴിയാതെ വന്ന ഇരുചക്രവാഹന യാത്രക്കാർ പ്രകടനം ചോദ്യം ചെയ്തതും ഹോൺ അടിച്ചതുമാണ് അഭിഭാഷകരെ പ്രകോപിതരാക്കിയത്. മുനിസിപ്പാലിറ്റിക്ക് മുന്നിൽ ഒരു ബൈക്കിന് കേടു വരുത്തി. അവിടെനിന്നുമടങ്ങി വരവെ കച്ചേരി നടയിൽ സംഘർഷമുണ്ടായി. ഇവിടെവെച്ചാണ് അനന്തുവിന് മർദനമേറ്റത്.
പ്രകടനം കടന്നുപോകുന്നതിനിടെ റോഡില്‍ സിഗ്നല്‍ വീണതിനാല്‍ മുന്നോട്ട്‌പോകാനായി ഹോണടിച്ചതാണ് അഭിഭാഷകരെ പ്രകോപിതരാക്കിയതെന്നാണ് അനന്തു പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. പ്രകോപിതരായ അഭിഭാഷകരില്‍ ചിലര്‍ അനന്തുവുമായി വാക്കേറ്റമുണ്ടാവുകയും മുന്നോട്ട് പോയ ഒരുസംഘം അഭിഭാഷകര്‍ ഓടിയെത്തി നടുറോഡിലിട്ട് മര്‍ദിക്കുകയും ചെയ്തെന്നാണ് മൊഴി.
പ്രകടനം നടത്തിയ വനിതാഅഭിഭാഷകരെ അപമാനിച്ചത് പുരുഷ അഭിഭാഷകര്‍ ചോദ്യം ചെയ്യുകമാത്രമാണുണ്ടായതെന്ന് അഭിഭാഷകര്‍ പറയുന്നു. അഭിഭാഷകരെ ബൈക്ക് യാത്രക്കാരന്‍ കൈയേറ്റം ചെയ്‌തെന്ന് കാട്ടി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പൊലീസില്‍ പരാതിയും നൽകിയിട്ടുണ്ട്. അനന്തുവിന്റെ പരാതിയിൽ മൊഴിയെടുത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചും അഭിഭാഷകരും ചില ബൈക്ക് യാത്രക്കാരുമായി സംഘര്‍ഷമുണ്ടായതായിരുന്നെങ്കിലും ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.