അട്ടക്കുളം പായൽ മൂടി, നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി
text_fieldsആറ്റിങ്ങൽ: രാജഭരണകാലത്ത് നിർമിച്ച, കൊടും വേനലിലും വറ്റാത്ത പ്രസിദ്ധമായ അട്ടക്കുളം പായലും മാലിന്യവും നിറഞ്ഞ് നാശത്തിലേക്ക്. പ്രസിദ്ധമായ പാർവതിപുരം ഗ്രാമത്തിൽ താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ ഗാർഹികേതര ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കുളമായിരുന്നു ഇത്. കരിങ്കൽകൊണ്ട് ചുറ്റിക്കെട്ടിയ അട്ടക്കുളത്തിലിറങ്ങാൻ മൂന്നിടത്ത് കരിങ്കൽ പടികളും പടിഞ്ഞാറുവശത്ത് പ്രാചീന രീതിയിൽ നിർമിച്ച കുളിപ്പുരയും പ്രത്യേകതയാണ്.
കുളത്തിനോട് ചേർന്ന് കിടക്കുന്ന വിശാലമായ കടുവയിൽ ഏലായിലേക്ക് വെള്ളമെത്തിക്കാൻ തോടും നിർമിച്ചിട്ടുണ്ട്.
കടുവയിൽ ഏലാ കരയായതോടെ തോട് നാമാവശേഷമായി. പായൽകൊണ്ട് നിറഞ്ഞ് ചുറ്റുമതിലും പടവുകളും പൊളിഞ്ഞുകിടന്ന കുളം 2021 ലാണ് നവീകരിച്ചത്.
ജലസേചനവകുപ്പ് 12 ലക്ഷം രൂപ ചെലവിട്ടായിരുന്നു നവീകരണം. കുളം ശുദ്ധീകരിക്കുകയും സംരക്ഷണഭിത്തികൾ നിർമിക്കുകയും ചെയ്തു. നവീകരണത്തിന് ശേഷം കുറച്ചുകാലം മാത്രമേ ജനങ്ങൾക്ക് കുളം ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ. പിന്നീട് പ്രത്യക്ഷപ്പെട്ട പായൽ ദിവസങ്ങൾകൊണ്ട് നിറഞ്ഞതോടെ അട്ടക്കുളം വീണ്ടും ഉപയോഗശൂന്യമായി.
കുളം നവീകരിച്ച് നീന്തൽപഠന കേന്ദ്രമാക്കണമെന്ന ആവശ്യവും നാട്ടുകാർക്കിടയിൽ ഉയർന്നിട്ടുണ്ട്. അത്തരമൊരു വാഗ്ദാനം നേരത്തേ നഗരസഭയും നടത്തിയെങ്കിലും യാഥാർഥ്യമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.