നടുക്കമായി അപകടം, തീപിടിത്തം
text_fieldsആറ്റിങ്ങൽ: പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടവും തുടർന്നുള്ള തീപിടിത്തവും നാടിനെ നടുക്കി. ദേശീയപാതയിൽ കോരാണിക്ക് സമീപം ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഉഗ്ര ശബ്ദം കേട്ട് തദ്ദേശവാസികൾ ഓടിയെത്തുമ്പോൾ ലോറിയിൽ തീ പടരുകയായിരുന്നു.
ബൈക്ക് യാത്രികർ റോഡിലേക്ക് തെറിച്ചുവീണ നിലയിലും. ലോറിയിലുണ്ടായിരുന്നവരെ ഓടിയെത്തിയ നാട്ടുകാരും വാഹന യാത്രക്കാരും രക്ഷപ്പെടുത്തി. ഇതിനകം പല ഭാഗത്ത് നിന്നായി ആംബുലൻസുകളും സ്ഥലത്തെത്തി.
പാർസൽ ലോറിയുടെ മുൻ ഭാഗമാണ് ആദ്യം കത്തിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തും മുമ്പുതന്നെ ലോറിയിലുണ്ടായിരുന്ന സാധനങ്ങളിലേക്ക് തീ പടർന്നു. ഇതോടെ ഉയരത്തിൽ തീയും പുകയും പടർന്നു.
ആറ്റിങ്ങൽ അഗ്നിശമന സേനയാണ് ആദ്യം അപകടസ്ഥലത്ത് എത്തിയത്. അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി കഴക്കൂട്ടത്തുനിന്ന് അഗ്നിശമനസേന യൂനിറ്റും സ്ഥലത്തെത്തി.
വളരെ വേഗത്തിൽ ബൈക്കും ചരക്ക് സാധനങ്ങളുൾപ്പെടെ ലോറിയും പൂർണമായി കത്തുകയായിരുന്നു.
ഏറെനേരത്തെ ശ്രമഫലമായാണ് ഫയർഫോഴ്സ് സംഘത്തിന് തീ പൂർണമായും കെടുത്താനായത്.
ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ എസ്.ടി.ഒ ജിഷാദിന്റെ നേതൃത്വത്തിൽ അസി. എസ്.ടി.ഒമാരായ മനോഹരൻ പിള്ള, രാജേന്ദ്രൻ നായർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ഷൈൻ, അമൽജിത്ത്, സതീശൻ, മോഹനൻ കുമാർ, അനീഷ്, നിഖിൽ, പ്രതീഷ്, വിഷ്ണു, വൈശാഖൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപകടത്തെയും തീപിടിത്തത്തെയും തുടർന്ന് ദേശീയപാതയിൽ ഗതാതതം സ്തംഭിച്ചു. വാഹനങ്ങൾ ഏറെനേരം ഗതാഗതക്കുരുക്കിൽപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.