ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ മുന്നേറിയെങ്കിലും സ്വന്തം പഞ്ചായത്തിൽ ബി.ജെ.പി മൂന്നാംസ്ഥാനത്ത്
text_fieldsആറ്റിങ്ങൽ: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ വൻ മുന്നേറ്റം നടത്തിയപ്പോഴും ആറ്റിങ്ങൽ ലോക്സഭ പരിധിയിൽ ബി.ജെ.പിഭരണത്തിലുള്ള ഏക തദ്ദേശസ്ഥാപനത്തിൽ ബി.ജെ.പിക്ക് മൂന്നാം സ്ഥാനം. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കരവാരം ഗ്രാമപഞ്ചായത്തിലാണ് ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണം തുടരുന്ന ഗ്രാമപഞ്ചായത്താണ് കരവാരം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ ബി.ജെ.പി അംഗത്വവും പഞ്ചായത്തിലെ സ്ഥാനങ്ങളും രാജിെവച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു. അതിനുശേഷം ബി.ജെ.പിക്ക് ഭരണത്തിൽ ഭീഷണിയില്ല. എന്നാൽ ഭരണവിരുദ്ധവികാരം ബി.ജെ.പിയെ ഉലക്കുകയായിരുന്നു. ഇതിനാലാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് ബി.ജെ.പി പിന്തള്ളപ്പെട്ടത്.
ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ബി.ജെ.പി ലീഡ് നേടിയപ്പോഴാണ് ഭരണത്തിൽ തുടരുന്ന കരവാരത്ത് വൻ തകർച്ച നേരിട്ടത്. ആറ്റിങ്ങൽ നഗരസഭയിലും ചെറുന്നിയൂർ, ഒറ്റൂർ, പുളിമാത്ത്, കിളിമാനൂർ, മണമ്പൂർ, വക്കം ഗ്രാമപഞ്ചായത്തുകളിലും ബി.ജെ.പിക്കാണ് ഒന്നാം സ്ഥാനം. പഴയകുന്നുമ്മേൽ, നഗരൂർ പഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫിന് ഒന്നാംസ്ഥാനത്ത് എത്താനായത്. യു.ഡി.എഫ് ഭരണത്തിൽ തുടരുന്ന വക്കം ഗ്രാമപഞ്ചായത്തിലും യു.ഡി.എഫിന് മൂന്നാംസ്ഥാനമാണ്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുന്ന വക്കം പഞ്ചായത്തിൽ യു.ഡി.എഫ് മികച്ച ലീഡ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇവിടെ ബി.ജെ.പിക്കും എൽ.ഡി.എഫിനും പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് യു.ഡി.എഫ് പിന്തള്ളപ്പെട്ടു. പഞ്ചായത്തുതല ഭരണവിരുദ്ധവികാരമാണ് ഈ അവസ്ഥ സൃഷ്ടിച്ചത് എന്നാണ് കരുതപ്പെടുന്നത്.
ലോക്സഭ െതരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ ബി.ജെ.പി മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എൽ.ഡി.എഫ് നേരേത്ത വിലയിരുത്തിയിരുന്നു. അതിന് തടയിടാൻ ബി.ജെ.പിയിൽനിന്ന് പരമാവധി ആൾക്കാരെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തി. അതിന്റെ ഭാഗമായാണ് കരവാരം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവരെ രാജിവെപ്പിച്ച് കൂടെക്കൂട്ടിയത്. ആറ്റിങ്ങൽ നഗരസഭയിലും രണ്ട് ബി.ജെ.പി കൗൺസിലർമാരെ രാജിവെപ്പിച്ച് സി.പി.എം കൂടെ കൂട്ടി. വക്കം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ള പത്തോളം പേരെ ബി.ജെ.പിയിൽനിന്ന് അടർത്തിയെടുത്തു. എന്നിട്ടും എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ബി.ജെ.പി വൻ മുന്നേറ്റത്തിലൂടെ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഒന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.