ആറ്റിങ്ങൽ നഗരസഭ ലൈബ്രറി ഹാളിൽ മേൽക്കൂരയുടെ സീലിങ് അടർന്നുവീഴുന്നു
text_fieldsആറ്റിങ്ങൽ: നഗരസഭ കലാപ സ്മാരക ഹാളിന്റെ മേൽക്കൂര അടർന്നുവീഴുന്നു. മുനിസിപ്പൽ ലൈബ്രറി കെട്ടിട സമുച്ചയത്തിന്റെ ഭാഗമായി ഒരു പതിറ്റാണ്ട് മുമ്പ് നിർമിച്ചതാണ് ആറ്റിങ്ങൽ കലാപ സ്മാരക ഹാൾ അടങ്ങുന്ന ബഹുനില മന്ദിരം. കച്ചേരിനടയിൽ ദേശീയപാതയോരത്താണ് മുനിസിപ്പൽ ലൈബ്രറി കെട്ടിടം.
ഈ കെട്ടിടത്തിന്റെ താഴത്തെനിലയിൽ കലാപസ്മാരക ഹാളും മുകളിൽ മുനിസിപ്പൽ ലൈബ്രറിയുമാണ് പ്രവർത്തിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പാണ് ഒരു കോടിയിലേറെ െചലവഴിച്ച് ബഹുനില കെട്ടിടം പണിതത്. വർഷങ്ങൾക്കുള്ളിൽ കെട്ടിടം ചോർന്നൊലിക്കുന്ന അവസ്ഥായി.
ലൈബ്രറിയിലെ പുസ്തകങ്ങൾ നശിക്കുമെന്ന് വന്നതോടെ നഗരസഭ വീണ്ടും ലക്ഷങ്ങൾ െചലവഴിച്ച് പുതുക്കിപ്പണിതു. നിലവിലെ താഴത്തെ നിലയിലെ സീലിങ്, പ്ലാസ്റ്ററിങ് എന്നിവ ഇളകിവീഴുകയാണ്. പല ഭാഗത്തായി പൊള്ളി ഇളകിയ നിലയിൽ ഏതുനിമിഷവും നിലം പതിക്കാവുന്ന രീതിയിൽ സീലിങ് അടർന്നിരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നു.
ഇരുന്നൂറിലധികംപേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതാണ് ഹാൾ. അകവശം ജിപ്സം സീലിങ് ചെയ്തിട്ടുണ്ട്. അതിനാൽ ഈ ഭാഗത്തെ അപകടാവസ്ഥ പുറത്ത് അറിയില്ല. പ്രവേശന ഭാഗവും കെട്ടിടത്തിന്റെ ചുറ്റും ഉള്ള മേൽക്കൂരയും സീലിങ് അടർന്നുവീഴുന്നു.
ആശങ്കയോടെയാണ് നിലവിൽ ഇവിടെ പൊതുപരിപാടികൾ നടത്തുന്നത്. വാടക കുറവ് ആയതിനാൽ എല്ലാവരും നഗരത്തിൽ പൊതു പരിപാടികൾക്ക് ആദ്യം തെരഞ്ഞെടുക്കുന്നത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ ഹാൾ ആണ്. സർക്കാർ പരിപാടികൾ, സ്വകാര്യ പരിപാടികളെല്ലാം ഇവിടെ നടത്തും.
മണിക്കൂർ അനുസരിച്ചാണ് വാടക. അതിനാൽ ഭൂരിഭാഗം ദിവസങ്ങളിലും ഒന്നിലധികം പരിപാടികൾക്ക് ഇവിടം വേദിയാകും. കെട്ടിടത്തിന്റെ നിർമാണത്തിലെ പാളിച്ചയാണ് ഈ ദുരവസ്ഥക്ക് കാരണം. എന്നാൽ, ഇതുസംബന്ധിച്ച് അന്വേഷണത്തിനോ നടപടിക്കോ മാറി വന്ന കൗൺസിലുകളും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.