പ്രതിസന്ധിയിൽ ഒാേട്ടാ, ടാക്സി മേഖല
text_fieldsആറ്റിങ്ങൽ: ലോക്ഡൗൺ പ്രതിസന്ധി ഗുരുതരമായി ബാധിച്ച തൊഴിൽ മേഖലകളിലൊന്നാണ് ഒാട്ടോ - ടാക്സി സർവിസ്. റോഡരികിൽ വാഹനം പാർക്ക് ചെയ്താൽപോലും പൊലീസ് പെറ്റി അടിക്കുന്ന അവസ്ഥയാണ് കോവിഡ് സൃഷ്ടിച്ചത്. പിന്നെങ്ങനെ വാഹനം നിരത്തിലോടിക്കും. സർക്കാർ അനുവദിച്ച ആവശ്യങ്ങൾക്കായി പോയാലും പോകുമ്പോൾ അല്ലെങ്കിൽ തിരിച്ചുവരുമ്പോൾ പെറ്റി ലഭിക്കും. കാരണം ബോധിപ്പിച്ചാലും അപ്പോൾതന്നെ ഇതിനാവശ്യമായ തെളിവുകൾ നൽകാൻ സാധിക്കാത്തതാണ് കാരണം.
ആശുപത്രിയിലേക്ക് രോഗികളുമായി പോകാൻ അനുവദിക്കും. തിരിച്ചുവരുമ്പോൾ തടഞ്ഞുനിർത്തി പെറ്റി അടിക്കും. ഇതാണ് ലോക്ഡൗൺ കാലത്തെ ഒാട്ടോ ടാക്സി ഡ്രൈവർമാർ നേരിടുന്നത്. ഒന്നാം ഘട്ട ലോക് ഡൗണിൽതന്നെ വ്യാപകമായി പൊതുജനങ്ങൾ ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയിരുന്നു. എല്ലാ വീട്ടിലും ഇരുചക്ര വാഹനമുണ്ടെന്ന അവസ്ഥവന്നു. ഇതോടെ ഒാട്ടോ ടാക്സികളെ ആശ്രയിക്കുന്ന അവസ്ഥ കുറഞ്ഞു.
ആയിരങ്ങളാണ് ഒാട്ടോ ഓടിച്ച് ജീവിക്കുന്നത്. കൂലിക്ക് ഓടിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം 100 രൂപക്ക് ഓട്ടം പോയാൽ 30 രൂപയാണ് കൂലി ലഭിക്കുന്നത്. രോഗവ്യാപനം ഉണ്ടാകുന്നതിനുമുമ്പ് പ്രതിദിനം ശരാശരി 700 രൂപവരെ കൂലി ലഭിച്ചിരുന്നു. ഇതിനനുസരിച്ചുള്ള ജീവിതമാണ് അവർ നയിച്ചിരുന്നത്. ബാങ്ക് ലോൺ, പലിശക്കാരിൽനിന്നെടുക്കുന്ന വായ്പകൾ എല്ലാം ഈ വരുമാനത്തിൽനിന്ന് വീട്ടിയിരുന്നു. ആദ്യ ലോക്ഡൗണിൽതന്നെ എല്ലാ കണക്കുകൂട്ടലും തെറ്റി ജീവിതം പ്രതിസന്ധിയിലായി. മാസങ്ങൾ കഴിഞ്ഞ് ഇളവ് ലഭിച്ചെങ്കിലും ഓട്ടം ലഭിച്ചില്ല. ജനജീവിതം സാധാരണഗതിയിലേക്ക് മടങ്ങിവരാത്തതാണ് കാരണം.
ഇതോടെ തൊഴിലാളികളുടെ കടബാധ്യതകൾ വർധിച്ചു. നിത്യജീവിതം പ്രതിസന്ധിയിലായി. വീണ്ടും ഒരു ലോക്ഡൗൺ വന്നതോടെ ഇവർക്ക് മുന്നിൽ അനിശ്ചിതത്വം മാത്രം ബാക്കിയാക്കി. നിത്യവൃത്തിക്ക് ഗതിയില്ലാത്ത അവസ്ഥയിലാണ് ഇവർ. ഒരുവർഷം മുമ്പുള്ള വരുമാനം കണക്കാക്കി പല ഒാട്ടോ ഡ്രൈവർമാരും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്ത് സ്വന്തം ഒാട്ടോറിക്ഷ നിരത്തിലിറക്കിയിരുന്നു. വായ്പയടവ് തീരുന്നതോടെ വാഹനം സ്വന്തമാകുകയും വരുമാനം കൂടുകയും ചെയ്യും എന്നതായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ, അത്തരം വാഹനങ്ങളെല്ലാം ഇപ്പോൾ ധനകാര്യ സ്ഥാപനങ്ങൾ കണ്ടുകെട്ടുന്ന അവസ്ഥയാണ്. സി.സി തുടർച്ചയായി മുടങ്ങിയതാണ് കാരണം.
ടാക്സി ഡ്രൈവർമാർ ഇതിനെക്കാൾ വലിയ ദുരവസ്ഥയിലാണ്. ലോക്ഡൗൺ ഇളവ് ലഭിച്ചതോടെ ഡ്രൈവർ ക്യാബിൻ തിരിച്ചാണ് വീണ്ടും ഓട്ടം തേടിയിറങ്ങിയത്. ഓട്ടം ലഭിച്ചതുമില്ല, ക്യാബിൻ തിരിച്ച പണം കൂടി കൈയിൽനിന്ന് ചെലവാകുകയും ചെയ്തു. ഈരംഗത്ത് ഡ്രൈവർമാർ ഭൂരിഭാഗവും കൂലിക്ക് വണ്ടി ഓടിക്കുന്നവരാണ്. സ്വന്തം വാഹനവുമായി എത്തുന്ന ഡ്രൈവർമാർ വിരളമാണ്. കിലോമീറ്ററിന് മൂന്ന് രൂപയാണ് ശരാശരി ഒരു ടാക്സി ഡ്രൈവർക്ക് കൂലി ലഭിക്കുന്നത്. എല്ലായ്പ്പോഴും ഓട്ടം ലഭിക്കാറില്ല. ലഭിക്കുന്ന ദീർഘദൂര ഓട്ടമായിരിക്കും എന്നതാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ, കോവിഡ് എല്ലാ പ്രതീക്ഷകളെയും തകർത്തു. ഓൺലൈൻ ടാക്സികൾ വന്നതോടെ ആരംഭിച്ച പ്രതിസന്ധി ഇതോടെ പൂർണമായി. മറ്റ് തൊഴിലിടങ്ങൾ തേടുകയാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.