കായല്‍ കൈയേറ്റം വീണ്ടും വ്യാപകം
text_fieldsആറ്റിങ്ങല്‍: കായല്‍ കൈയേറ്റവും നീര്‍ച്ചാലുകള്‍ നികത്തുന്നതും ഗ്രാമീണമേഖലയിൽ വീണ്ടും വ്യാപകമാകുന്നു. കോവിഡ് പ്രതിരോധ, അനുബന്ധ പ്രവർത്തനങ്ങളിലേക്ക് ഉദ്യോഗസ്ഥരുടെയടക്കം ശ്രദ്ധ തിരിഞ്ഞതിന്റെ മറവിലാണ് കൈയേറ്റങ്ങൾ. കഠിനംകുളം, അഞ്ചുതെങ്ങ്, അകത്തുമുറി കായലിലും ഇവയുടെ കൈവഴികളിലുമായാണ് കൈയേറ്റം. ഘട്ടംഘട്ടമായി മണ്ണിട്ട് നികത്തിയും തുടര്‍ന്ന് പാറ കൊണ്ട് മതില് കെട്ടിത്തിരിച്ചും സ്വകാര്യ വ്യക്തികള്‍ കായല്‍ കൈയേറി കരഭൂമിയാക്കുന്നു.
ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന കാലത്ത് കായല്കൈവഴികള് ജനം സംരക്ഷിച്ചിരുന്നു. റോഡ് ഗതാഗതം വന്നതോടെ ഇവ സംരക്ഷണമില്ലാതെയായി. പില്ക്കാലത്ത് ഭൂമി വിലയിലുണ്ടായ വർധന ചതുപ്പുകളും കായല്‍ കൈവഴികളും വ്യാപകമായി നികത്തപ്പെടുന്നതിന് കാരണമായി. കായല്‍തീരങ്ങളിലെ കൈയേറ്റത്തിന്റെ നാമമാത്രമായ ഭാഗമാണ് പലപ്പോഴായി തിരിച്ച് പിടിക്കാന്‍ നടപടിയുണ്ടായത്. ഇവപോലും പിന്നീട് സംരക്ഷിക്കപ്പെട്ടില്ല. ഇതിന് ശേഷവും വ്യാപകമായ രീതിയില്‍ കായല്‍ കൈയേറ്റം തീരത്തുണ്ടായി.
ഇവയില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുതല്‍ പ്രാദേശിക ഭൂമി ഇടപാടുകാർ വരെയുണ്ട്. ചിറയിന്‍കീഴ്, വക്കം, കടയ്ക്കാവൂര്‍, അഴൂര്‍, മണമ്പൂര്‍ പ്രദേശങ്ങളിലും കായല്‍ കൈയേറ്റം വ്യാപകമായി തുടരുന്നു. കായല്‍ തീരത്ത് ഘട്ടം ഘട്ടമായാണ് മണ്ണിട്ട് നികത്തി കരഭൂമിയാക്കുന്നത്. ഒടുവിൽ കായലിൽ പാറ ഇറക്കി അതിര്‍ത്തി കെട്ടി തിരിക്കും. അപ്പോള്‍ മാത്രമാകും കൈയേറ്റ വിവരം മറ്റുള്ളവര്‍ ശ്രദ്ധിക്കുക. വക്കം വില്ലേജില്‍ കായല്‍ നികത്തിയവര്‍ വില്ലേജ് ഓഫിസിലെ ജീവനക്കാരെ സ്വാധീനിച്ച് നിലവിലുണ്ടായിരുന്ന എല്ലാ രേഖകളും നശിപ്പിക്കുകയും കൈയേറ്റഭൂമി ഉള്‍പ്പെടുത്തി പുതിയ രേഖകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
നിരവധി അന്വേഷണങ്ങള്‍ വിവിധതലങ്ങളില്‍ നടന്നെങ്കിലും ഇവ പാതി വഴിയില്‍ മുടങ്ങിയ നിലയിലാണ്. പൂര്‍ത്തിയായ അന്വേഷണങ്ങളിൽ വ്യാപകമായ തിരിമറി കണ്ടെത്തുകയും നടപടികള്‍ക്ക് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പ്രാമുഖ്യം നല്‍കിയതോടെ തിരിമറിക്കാര്‍ രക്ഷപ്പെട്ടു. വക്കത്ത് കൈയേറ്റം നടത്തിയവര്‍ രേഖകള്‍ കൃത്യമാക്കിയപ്പോള് സാധാരണക്കാര്‍ വില്ലേജ് ഓഫിസുകളില്‍ തങ്ങളുടെ വസ്തുവിന്റെ വിവരങ്ങളില്ലെന്ന് അറിഞ്ഞ് പരാതികളുമായി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു.
ഇപ്പോൾ നികത്തിയെടുക്കുന്ന സ്ഥലം ഭാവിയില്‍ ഇവ ക്രമവത്കരിച്ച് കിട്ടുമെന്ന പ്രതീക്ഷയാണ് കൈയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. കായല്‍ കൈയേറിയ സംഭവങ്ങളില്‍ സ്റ്റോപ് മെമ്മോ കൊടുക്കുന്നതിന് അപ്പുറം യാതൊന്നും ഉദ്യോഗസ്ഥര്‍ ചെയ്യാറില്ല. ഇവ തിരികെ കായല്‍ ഭൂമിയാക്കി മാറ്റാന്‍ അനധികൃത നിർമാണവും നിക്ഷേപിച്ച മണ്ണും നീക്കം ചെയ്യണം. അത് ചെയ്യാത്തതിനാല്‍ പില്ക്കാലത്ത് ഇവ നിയമപരമായ ഭൂമിയായി മാറും.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച കൈയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ചിറയിന്‍കീഴ് താലൂക്കില്‍ 45 ഏക്കറോളം കൈയേറ്റം കണ്ടെത്തിയിരുന്നു. ഇതില്‍ 44 ഏക്കറും കായല്‍ കൈയേറ്റമാണ്. വിശാലമായ കഠിനംകുളം - അഞ്ചുതെങ്ങ് കായലുകളുടെ തീരങ്ങളില്‍ വലിയ ചതുപ്പ് പ്രദേശങ്ങളുണ്ടായിരുന്നു. കായല്‍ കൈവഴികളും നിരവധിയായിരുന്നു. ഇപ്പോൾ അവയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.