പക്ഷിപ്പനി: മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പും പഞ്ചായത്തും
text_fieldsആറ്റിങ്ങൽ: പക്ഷിപ്പനി സ്ഥിരീകരിച്ചത് അഴൂരിൽ താറാവ് ഫാമില്‍. പെരുങ്ങുഴി കടവിന് സമീപത്ത് മരയ്ക്കാര്‍ വിളാകത്ത് അമലേഷിന്റെ താറാവ് ഫാമിലാണ് ആരോഗ്യവകുപ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പക്ഷിപ്പനി പടര്‍ന്ന വിവരം മനസ്സിലായത്.
അമലേഷ് വര്‍ഷങ്ങളായി നടത്തുന്ന താറാവ് ഫാമില്‍ എണ്ണൂറോളം താറാവുകളും 300 കോഴികളുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച താറാവുകള്‍ കൂട്ടത്തോടെ ചത്തു. ഇതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ച് പാലോട് വെറ്ററിനറി ലാബില്‍ അയച്ചു.
ഇവിടെ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സാമ്പ്ള്‍ ദേശീയ വെറ്ററിനറി ലാബിലേക്കയച്ചു. കഴിഞ്ഞ ദിവസമാണ് പരിശോധന ഫലം ലഭിച്ചത്. ഇതിനെതുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും ജനങ്ങള്‍ക്ക് ജാഗ്രതാനിർദേശം നല്‍കിയത്.
പക്ഷികളില്‍ നിന്ന് വളരെ വേഗം മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നല്കി. ശനിയാഴ്ച കലക്ടറുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് പിന്നാലെ ഞായറാഴ്ച പഞ്ചായത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം നടക്കുമെന്ന് അഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. അനില്‍കുമാര്‍ പറഞ്ഞു.
സമീപ മേഖലകളിലും ആശങ്ക വർധിച്ചിട്ടുണ്ട്. പല പൗൾട്രി ഫാമുകളിലും കോഴികൾ വലിയ തോതിൽ ചത്തതായി റിപ്പോർട്ടുണ്ട്. കാലാവസ്ഥമാറ്റം കൊണ്ടുള്ളതാണെന്നാണ് ഇവർ കരുതിയിരുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. പുതിയതായി കോഴിയെ എടുക്കുന്നതും പല പൗൾട്രി ഫാമുകളും നിർത്തിവെച്ചു.
ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും
തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ച് പൊതുജനം ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ച് കലക്ടറുടെ അറിയിപ്പ് പുറത്തിറക്കി.
- ചത്ത പക്ഷികളെയും രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുമ്പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കണം.
- രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കണം.
- കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുമ്പും പിൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
- നന്നായി പാകം ചെയ്ത മാംസവും മുട്ടയും മാത്രമേ ഉപയോഗിക്കാവൂ.
- സാധാരണമാംവിധം പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തിൽ അറിയിക്കുക.
- പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപ്പെടുക.
- വ്യക്തിശുചിത്വം പാലിക്കുക.
- ശുചീകരണത്തിനായി രണ്ടു ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.