മുദാക്കലിൽ ബി.ജെ.പി വലിയകക്ഷി; പക്ഷേ, ഇടത് വരും
text_fieldsആറ്റിങ്ങല്‍: ബി.ജെ.പി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ മുദാക്കലില്‍ എല്‍.ഡി.എഫ് ഭരണത്തിലേക്ക്. രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പായതോടെയാണ് എല്‍.ഡി.എഫിന് വഴി തെളിഞ്ഞത്.
20 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ബി.ജെ.പി. -7, എല്‍.ഡി.എഫ്. -6, യു.ഡി.എഫ്. -5, സ്വതന്ത്രര്‍- 2 എന്നതാണ് അവസ്ഥ. രണ്ടുസ്വതന്ത്രരും സി.പി.എം വിമതരാണ്. ബി.ജെ.പി അധികാരത്തില്‍ വരുന്നതുതടയാന്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കാമെന്ന് ഇവര്‍ സി.പി.എം നേതൃത്വത്തിന് വാക്കുനല്കി. ഒരു സ്വതന്ത്രനെങ്കിലും കൂടെനിന്നാൽ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. പിരപ്പന്കോട്ടുകോണത്ത് വിജയിച്ച ദീപാറാണി സി.പി.എം വിമതര്‍ രൂപം നല്കിയ ജനകീയ മുന്നണി സ്ഥാനാർഥിയായിരുന്നു.
നാല് സീറ്റിലാണ് ജനകീയ മുന്നണി മത്സരിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി സ്വന്തം താല്പര്യം മാത്രം നോക്കി സ്ഥാനാർഥികളെ നിശ്ചയിെച്ചന്ന പരാതിയായിരുന്നു ജനകീയ മുന്നണിയുടെ പിറവിക്ക് പിന്നിൽ. കോരാണിയില്‍ ജയിച്ച ശ്രീജയും സി.പി.എം അനുഭാവിയായിരുന്നു.
പ്രദേശത്തെ പാര്‍ട്ടി വിഷയങ്ങളുടെ ഫലമായാണ് സ്വതന്ത്രയായി മത്സരിച്ചത്. പ്രാദേശിക നേതാക്കള്‍ വഴി ഇരുവരെയും സമീപിച്ച സി.പി.എം നേതൃത്വം ഭരണത്തില്‍ പദവികളടക്കം ഇവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
എങ്കിലും ബി.ജെ.പി പ്രതീക്ഷ കൈവിട്ടിട്ടില്ല. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും ഭരണം കൈവിട്ട് പോകുന്ന അവസ്ഥ ഒഴിവാക്കണമെന്നാണ് സംഘ്പരിവാര്‍ നേതൃത്വം പ്രാദേശിക നേതൃത്വത്തിന് നൽകിയ നിർദേശം. പിന്തുണക്കുന്നവർക്ക് പ്രസിഡൻറ് സ്ഥാനംപോലും നൽകാൻ തയാറായി നിൽക്കുകയാണ് പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.