ബി.ജെ.പി-കോൺഗ്രസ് അവിശ്വാസ പ്രമേയം പാസായി; മുദാക്കൽ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം പോയി
text_fieldsആറ്റിങ്ങൽ: ബി.ജെ.പി - കോൺഗ്രസ് അവിശ്വാസത്തിൽ മുദാക്കൽ പഞ്ചായത്തിൽ സി.പി.എമ്മിനു പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ചന്ദ്രബാബു പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്തായി.
വ്യാഴാഴ്ച രാവിലെ 10ന് അവിശ്വാസപ്രമേയം ചർച്ചക്ക് എടുത്തപ്പോൾ എൽ.ഡി.എഫ് പൂർണമായും വിട്ടുനിന്നു. ബ്ലോക്ക് സെക്രട്ടറി സ്റ്റാൻലിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ബി.ജെ.പിയുടെ ഏഴ് അംഗങ്ങളും, കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളും, സ്വതന്ത്രയും നിലവിലെ വൈസ് പ്രസിഡന്റുമായ ശ്രീജയും കമ്മിറ്റിയിൽ പങ്കെടുത്തു. ഇവർ 13 പേരും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു.
നിലവിൽ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി -ഏഴ്, കോൺഗ്രസ് -അഞ്ച്, സി.പി.എം -നാല്, സി.പി.ഐ -രണ്ട്, സ്വതന്ത്രൻ -രണ്ട് എന്നതാണ് കക്ഷി നില. ഇതിൽ സ്വതന്ത്രരുടെ കൂടെ പിന്തുണയിൽ ആണ് എൽ.ഡി.എഫ് ഭരണത്തിൽ തുടർന്നത്. എൽ.ഡി.എഫ് അധികാരമേറ്റപ്പോൾ പ്രസിഡന്റ് സ്ഥാനം പങ്കിടാൻ സി.പി.എം സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനായിരുന്നു. സി.പി.ഐക്ക് അവസരം നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് ഭരണ പ്രതിസന്ധി രൂപപ്പെട്ടത്. സി.പി.ഐ പിണങ്ങി മാറിയതോടെയാണ് ബി.ജെ.പിയും കോൺഗ്രസും അവിശ്വാസ നോട്ടീസ് നൽകിയത്.
ഇടതുപാർട്ടികളുടെ ജില്ല നേതൃത്വം ഇടപെടുകയും വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ചർച്ചയിലെ തീരുമാന പ്രകാരം സി.പി.ഐയും സി.പി.എമ്മിനൊപ്പം കമ്മിറ്റിയിൽനിന്നും വിട്ടുനിന്നു.
നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതി നിലവിൽ വന്നേക്കും. ഏറ്റവും വലിയ ഒറ്റകക്ഷി ആയ ബി.ജെ.പിക്ക് അനുകൂലമായി ഒരു സ്വതന്ത്ര നിൽക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇലക്ഷൻ കമീഷൻ നിർദേശാനുസരണം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.