മുദാക്കലിൽ ബി.ജെ.പി - സി.പി.എം സംഘർഷം പതിവാകുന്നു
text_fieldsആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിൽ ബി.ജെ.പി സി.പി.എം സംഘർഷം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി പല ഭാഗത്തായി വീടുകൾക്കു നേരെ അക്രമങ്ങൾ അരങ്ങേറി. നെല്ലിമൂട്ടിലാണ് കൂടുതൽ അക്രമം അരങ്ങേറിയത്. കഴിഞ്ഞ ദിവസവും വീടും ഇരുചക്ര വാഹനവും അടിച്ചുതകർത്തു.
പഞ്ചായത്തിൽ പല ഭാഗത്തും ജനങ്ങൾ പരിഭ്രാന്തിയിലാണ്. രണ്ടു ദിവസങ്ങൾക്കു മുമ്പ് വീടുകയറി ആക്രമിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ നെല്ലിമൂട്ടിൽ വീണ്ടും വീട് അടിച്ചുതകർത്തത്.
നെല്ലിമൂട് സ്വദേശിയായ സന്തോഷിനെയാണ് രണ്ടു ദിവസം മുമ്പ് വീടുകയറി മർദിച്ചവശനാക്കുകയും വീട് അടിച്ചുതകർക്കുകയും ചെയ്തത്. സംഭവത്തിൽ ബി.ജെ.പി വാർഡംഗം ശ്യാമളയുടെ മകൻ പ്രതീഷിനെ അക്രമത്തിനിടെ നാട്ടുകാർ അന്നുതന്നെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
സംഭവത്തിൽ സന്തോഷ് പരാതി നൽകിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം നെല്ലിമൂട്ടിലെ സന്തോഷിന്‍റെ കുടുംബ വീട് അടിച്ചുതകർത്തത്. രാത്രി പതിനൊന്നോടെയാണ് സംഭവം.
ആദ്യ അക്രമ സംഭവത്തിൽ വാർഡ് മെംബറുടെ മകനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചെങ്കിലും ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിടെ, രക്ഷപ്പെട്ട ഒരാളുടെ ഫോൺ നാട്ടുകാർക്ക് ലഭിച്ചു. ഈ ഫോൺ തിരികെ നൽകാനായി കഴിഞ്ഞ ദിവസം ഒരാൾ സന്തോഷിന്‍റെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു.
തുടർന്ന് വീണ്ടും ഭീഷണി മുഴക്കിയപ്പോൾ ആറ്റിങ്ങൽ പൊലീസിൽ വിളിച്ച് സന്തോഷ് കാര്യങ്ങൾ ധരിപ്പിച്ചു. ഈ ഭീഷണിയെ തുടർന്ന് സന്തോഷിനെയും കുടുംബത്തെയും അനുജൻ സജി താൻ താമസിച്ച് വരുന്ന നെല്ലിമൂട് ജങ്ഷനിലെ കുടുംബ വീട്ടിലേക്ക് കഴിഞ്ഞ ദിവസം വൈകീട്ടോടെ കൂട്ടിക്കൊണ്ടുപോയിരുന്നു.
തുടർന്ന്, കുടുംബ വീട്ടിന്‍റെ സമീപത്ത് ഇരുചക്ര വാഹനങ്ങളിൽ കുറച്ചുപേർ കറങ്ങിയതായി സന്തോഷ് പറയുന്നു. 10 പേരടങ്ങുന്ന അക്രമി സംഘമാണ് വീടുകയറി ആക്രമിച്ചതെന്ന് സന്തോഷ് പറഞ്ഞു. സംഭവ സമയം വീട്ടിൽ സന്തോഷും അനുജൻ സജിയും ഇവരുടെ ഭാര്യമാരും സന്തോഷിനെറ രണ്ടു കുഞ്ഞുങ്ങളുമാണുണ്ടായിരുന്നത്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി അടക്കമുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾ വീടിന്‍റെ ജനൽ ചില്ലുകളും ജനലുകളും അടിച്ചുതകർത്തു. വീട്ടിലുണ്ടായിരുന്ന ഇരുചക്ര വാഹനവും അക്രമികൾ നശിപ്പിച്ചു. ഗുണ്ടാ ആക്രമണത്തിൽ വീട്ടുകാരും നാട്ടുകാരും ഒരേപോലെ പരിഭ്രാന്തിയിലാണ്.
സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പോലീസ് ഏകപക്ഷീയമായി പെരുമാറുകയും കേസെടുക്കുകയും ചെയ്യുന്നെന്നും ആരോപിച്ചു ബി.ജെ.പി സമര രംഗത്താണ്. കഴിഞ്ഞ ദിവസം അർധരാത്രി ഡി.വൈ.എസ്.പി ഓഫിസ് ഉപരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.