ആറ്റിങ്ങലിൽ ബി.ജെ.പി- ഡി.വൈ.എഫ്.ഐ സംഘർഷം
text_fieldsആറ്റിങ്ങൽ: മൈക്ക് അനുമതിയെ ചൊല്ലിയുള്ള പ്രതിഷേധം ആറ്റിങ്ങലിൽ ബി.ജെ.പി- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ കലാശിച്ചു. കഴിഞ്ഞ ദിവസത്തെ തർക്കത്തിന്റെ തുടർച്ചയാണ് ശനിയാഴ്ചയും സംഘർഷാവസ്ഥ സൃഷ്ടിച്ചത്. വൈകുന്നേരം ബി.ജെ.പി ജനസഭ യോഗവും ഡി.വൈ.എഫ്.ഐ യുടെ കൂത്ത്പറമ്പ് രക്തസക്ഷിത്വ ദിനാചരണവും നടന്നിരുന്നു.
ആറ്റിങ്ങൽ കച്ചേരി ജങ്ഷനു സമീപം ഡയറ്റ് സ്കൂളിനു മുൻ വശത്താണ് ബി.ജെ.പി സമ്മേളനം നടത്തിയത്. സംസ്ഥാന സെക്രട്ടറി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ഭരണപക്ഷത്തിനും പൊലീസിനുമെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഇതിനിടെ രക്ത സാക്ഷിത്വ യോഗ സ്ഥലത്ത് നിന്നെത്തിയ ഡി.വൈ.എഫ്ഐക്കാർ ബി.ജെ.പി യോഗത്തിന്റെ കച്ചേരി ജങ്ഷനിലെ ബോക്സ് കണക്ഷൻ വിച്ഛേദിച്ചു. അനുവദിച്ച സമയം കഴിഞ്ഞുവെന്നും മൈക്ക് ഓഫ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐക്കാർ സമ്മേളന സ്ഥലത്തെയ്ക്ക് പ്രകടനമായി നീങ്ങി. പൊലീസ് ഇവരെ തടഞ്ഞു. സുരേഷ് സംസാരിച്ചു കൊണ്ടിരിക്കെ പൊലീസ് മൈക്ക് ഓഫ് ചെയ്തു.
ബി.ജെ.പിക്കാർ വീണ്ടും മൈക്ക് ഓൺ ചെയ്തു. ഇത് സംഘർഷത്തിന് കാരണമായി. പൊലീസ് വീണ്ടും മൈക്ക് ഓഫ് ചെയ്യിച്ചു. ഇതിനെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം വീണ്ടും രൂക്ഷമായി. ഇതോടെ യോഗം അവസാനിപ്പിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ തോതിൽ പൊലീസിനെ വിന്യസിച്ചിരുന്നു.
വെള്ളിയാഴ്ച സ്റ്റേജിനെ ചൊല്ലി ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘർഷം ഉണ്ടാവുകയും ബി.ജെ.പി രാത്രി വൈകി പൊലീസ് സ്റ്റേഷൻ ഉപരോധം നടത്തുകയും ചെയ്തിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഇരു വിഭാഗവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബി.ജെ.പിക്ക് ഡയറ്റിന് മുൻ വശത്തും, ഡി.വൈ.എഫ്.ഐക്ക് ഡയറ്റിനു പിന്നിലെ റോഡിലും സമ്മേളനം നടത്താൻ അനുമതി നൽകിയിരുന്നു.
കച്ചേരി ജങ്ഷൻ ഇരു കൂട്ടർക്കും നിഷേധിച്ചു. ബി.ജെ.പി പ്രവർത്തകർ കച്ചേരി ജങഅഷനിൽ ബോക്സ് സ്ഥാപിച്ചു പ്രസംഗം കേൾപ്പിച്ചു. പൊലീസ് നിർദേശത്തിന് വിരുദ്ധമായി ബോക്സ് സ്ഥാപിച്ചത് ചൂണ്ടി കാട്ടിയാണ് ആദ്യം ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്. തുടർന്നാണ് മൈക്ക് പ്രവർത്തിപ്പിക്കുവാൻ അനുവദിച്ച സമയം അധികരിച്ചു എന്നാരോപിച്ച് മാർച്ച് നടത്തിയത്.
സ്റ്റേഷനുള്ളിൽ ബി.ജെ.പിയുടെ സമരം; കേസെടുക്കാതെ പൊലീസ്
ആറ്റിങ്ങല്‍: സ്റ്റേഷനുള്ളിൽ ബി.ജെ.പിയുടെ സമരം നടത്തിയിട്ടും കേസെടുക്കാതെ ആറ്റിങ്ങൽ പൊലീസ്. വെള്ളിയാഴ്ച രാത്രിയാണ് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുള്ളിൽ ഇരുപതോളം ബി.ജെ.പി പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തിയത്.കച്ചേരി ജങ്ഷനിൽ ബി.ജെ.പി പരിപാടി നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ അവരുടെ പരിപാടിക്ക് സ്റ്റേജ് കെട്ടിയിരുന്നു.
തങ്ങൾ മുൻകൂട്ടി അറിയിച്ചു നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ സ്ഥലത്ത് മറ്റൊരാൾ സ്റ്റേജ് കെട്ടിയത് ഒഴിപ്പിക്കണം എന്ന് ബി.ജെ.പി പ്രവർത്തകർ പൊലീസിനോട് ആവശ്യപെട്ടു. പൊതുസ്ഥലത്തെ ചൊല്ലിയുള്ള തർക്കമായതിനാൽ പൊലീസ് നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിച്ചു. രാത്രി പത്തോടെയാണ് സമരം തുടങ്ങിയത്. സംഘടിച്ചെത്തിയ പ്രവർത്തകർ പൊലീസിനോട് തർക്കിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് ആറ്റിങ്ങലിലെ പൊലീസ് സബ് ഡിവിഷൻ ആസ്ഥാനത്തിനുള്ളിൽ സമരം നടക്കുന്നത്. ദീർഘനേരം നടന്ന കുത്തിയിരിപ്പ് സമരത്തിൽ ഒരിക്കൽ പോലും സമരക്കാരെ നീക്കുവാൻ പൊലീസ് ശ്രമിച്ചില്ല. സ്റ്റേഷൻ കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചു കയറി സമരം നടത്തിയിട്ടും കേസെടുക്കാത്തത് മറ്റു രാഷ്ട്രീയ പാർട്ടിക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. സ്റ്റേഷൻ വളപ്പിൽ കടന്നുള്ള ധർണകൾക്ക് തന്നെ മുൻ കാലങ്ങളിൽ കേസെടുത്തിട്ടുണ്ട്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്നതിനായി ജനസഭ നടത്താന്‍ സ്റ്റേജ് കെട്ടാനാണ് ബി.ജെ.പി എത്തിയത്. കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കുന്നതിനായാണ് ഡി.വൈ.എഫ്.ഐ വേദി നിര്‍മ്മിച്ചത്. തർക്കത്തെ തുടർന്ന് ഇരു കക്ഷികളും കച്ചേരി നടയിൽ പരിപാടി നടത്തുന്നത് പൊലീസ് വിലക്കി. രാഷ്ട്രീയ സംഘർഷാവസ്ഥ കണക്കിലെടുത്ത് നഗരത്തിൽ രാത്രി കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.