ഓടി നടന്ന് സ്ഥാനാർഥികൾ
text_fieldsആറ്റിങ്ങൽ: പാർലമെൻറ് മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ വെള്ളിയാഴ്ച വ്യത്യസ്ത മേഖലകളിൽ പര്യടനം നടത്തി. എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർഥികൾ വാമനപുരം നിയോജകമണ്ഡലത്തിലെ വേങ്കമല ക്ഷേത്രത്തിൽനിന്നാണ് പ്രചാരണം ആരംഭിച്ചത്. വേങ്കമല ക്ഷേത്ര പൊങ്കാല ആയിരുന്നതിനാൽ വലിയ ജനത്തിരക്ക് ഇവിടെ ഉണ്ടായിരുന്നു.
വിദ്യാർഥികളോടൊപ്പം അടൂർ പ്രകാശ്
വിദ്യാർഥികളുമായി നേരിൽ കണ്ട് സംവദിച്ച് അടൂർ പ്രകാശ്. മേനംകുളം സെന്റ് ജേക്കബ്സ് ബി.എഡ് കോളജിലെ സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് അടൂർ പ്രകാശ് എം.പി കോളജിലെത്തിയത്. കുട്ടികളോട് സംസാരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതികൾ വിദ്യാർഥികളുമായി പങ്കുവെക്കുകയും വിദ്യാർഥികളുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
നിയോജക മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു. ശനിയാഴ്ച അരുവിക്കര, നെടുമങ്ങാട് നിയോജകമണ്ഡലം കൺവെൻഷനുകളിലും മുദാക്കൽ, കിളിമാനൂർ, പനവൂർ മണ്ഡലം കൺവെൻഷനിലും പങ്കെടുക്കും.
റോഡ് ഷോയുമായി വി. ജോയ്
ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് വെള്ളിയാഴ്ച തീരദേശ മേഖലയിലും വാമനപുരം മണ്ഡലത്തിലും പര്യടനം നടത്തി. വാമനപുരം നിയോജക മണ്ഡലത്തിലെ വേങ്കമല ക്ഷേത്രത്തിലെ പൊങ്കാല സ്ഥലത്തെത്തി ഭക്തരെ കണ്ട് വോട്ട് അഭ്യർഥിച്ചു. തീരദേശ മേഖലയിൽ റോഡ് ഷോയിലും പങ്കെടുത്തു. വാഹനങ്ങളുടെയും ജനക്കൂട്ട അകമ്പടിയോടെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ശനിയാഴ്ച തൊഴിൽ സങ്കേതങ്ങളിലെത്തി തൊഴിലാളികളെ കണ്ട് വോട്ട് തേടും. വിദ്യാർഥികളുമായുള്ള സംവാദത്തിലും കൺവെൻഷനുകളിലും പങ്കെടുക്കും.
സമുദായനേതാക്കളെ കണ്ട് വി. മുരളീധരൻ
ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ വെള്ളിയാഴ്ച രാവിലെ ആറ്റിങ്ങലിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തുകൊണ്ടാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് സാമുദായിക സംഘടന നേതാക്കളുമായി ചർച്ച നടത്തി. ഉച്ചക്കുശേഷം ആറ്റിങ്ങലിൽ വികസന ചർച്ചയിലും വൈകുന്നേരം വർക്കല മുനിസിപ്പാലിറ്റിയിൽ പദയാത്ര, ചെറുന്നിയൂർ പദയാത്ര എന്നിവയിൽ പങ്കെടുത്തു. വർക്കലയിൽ സംഘടന ചുമതലയുള്ളവരുടെ യോഗത്തിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.