റഷ്യയിൽ അകപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ സ്ഥാനാർഥികൾ
text_fieldsആറ്റിങ്ങൽ: തൊഴിൽ തേടി റഷ്യയിലെത്തുകയും സൈനികസേവനത്തിന് നിർബന്ധിതരാവുകയും ചെയ്ത അഞ്ചുതെങ്ങ് സ്വദേശികളുടെ കുടുംബങ്ങളെ സന്ദർശിച്ച് സ്ഥാനാർഥികൾ. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളാണ് വ്യാഴാഴ്ച അഞ്ചുതെങ്ങിൽ എത്തിയത്.
അഞ്ചുതെങ്ങ് കുരിശ്ശടി മുക്കിന് സമീപം കൊപ്രക്കൂട്ടിൽ സെബാസ്റ്റ്യൻ - നിർമല ദമ്പതികളുടെ മകൻ പ്രിൻസ് (24), പനിയടിമ - ബിന്ദു ദമ്പതികളുടെ മകൻ ടിനു (25), സിൽവ - പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരുടെ വീടുകളിൽ വ്യത്യസ്ത സമയങ്ങളിൽ ആയി സ്ഥാനാർഥികൾ എത്തി.
കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും തങ്ങൾ നടത്തിയ ഇടപെടലുകൾ വിശദീകരിക്കുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് മൂന്നുപേരുടെയും വീടുകളിൽ എത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോൾ എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ സെൻറ് പീറ്റേഴ്സ് ഫൊറോന പള്ളിയിലെത്തിയാണ് കുടുംബാംഗങ്ങളെ സന്ദർശിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി ഫോണിൽ കുടുംബാംഗങ്ങളോട് സംസാരിച്ചു. നോർക്ക വഴി സർക്കാർ നടത്തിയ ഇടപെടലുകൾ വിശദീകരിച്ചു.
കൺവെൻഷനുകൾ കേന്ദ്രീകരിച്ച് അടൂർ പ്രകാശ്
കിളിമാനൂരിൽ നടന്ന ആറ്റിങ്ങൽ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ, കുറ്റിച്ചൽ മണ്ഡലം കൺവെൻഷൻ, ആര്യനാട് മണ്ഡലം കൺവെൻഷൻ, പോത്തൻകോട് മണ്ഡലം കൺവെൻഷൻ എന്നിവയിൽ അടൂർ പ്രകാശ് പങ്കെടുത്തു. ഇതിനിടയിലാണ് അഞ്ചുതെങ്ങിലെത്തിയത്.
യുവാക്കളെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് 15നുതന്നെ കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാട്ടിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വേങ്കമല ക്ഷേത്രത്തിൽ നിന്നും പര്യടനം ആരംഭിക്കും. തുടർന്ന് മേനംകുളം സെന്റ് ജേക്കബ്സ് ബി.എഡ് കോളജ് എന്നിവ സന്ദർശിക്കും. വൈകീട്ട് നാലിന് ചിറയിൻകീഴ് കോൺഗ്രസ് മണ്ഡലം കൺവെൻഷനിലും പങ്കെടുക്കും.
കലാലയങ്ങൾ കേന്ദ്രീകരിച്ച് വി. ജോയി
അരുവിക്കര മണ്ഡലത്തിലെ ഊരു സന്ദർശനത്തോടെ ആണ് വ്യാഴാഴ്ച ജോയിയുടെ പര്യടനം ആരംഭിച്ചത്. തുടർന്ന് കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള സന്ദർശനത്തിനും വിദ്യാർഥികളുമായി ഉള്ള സംവാദത്തിനും സമയം കണ്ടെത്തി. നാല് കോളജുകളിലെത്തി കുട്ടികളോട് സംവദിച്ചു. വൈകീട്ട് മൂന്നോടെ ചിറയിൻകീഴ് മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു. കിൻഫ്ര അപ്പാരൽ പാർക്കിൽ എത്തി തൊഴിലാളികളെ കണ്ട് വോട്ട് തേടി. വെള്ളിയാഴ്ച രാവിലെ ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലും ഉച്ചക്കുശേഷം വർക്കല നിയോജകമണ്ഡലത്തിലും പര്യടനം നടത്തും.
ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് വി. മുരളീധരൻ
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ വ്യാഴാഴ്ച അഞ്ചുതെങ്ങിലെത്തി റഷ്യയിൽ യുദ്ധമുഖത്ത് അകപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കുകയും പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് കല്ലൂർക്കോണം ഭാഗത്ത് പുതിയ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരാതികളും കേൾക്കാൻ എത്തി. നിലവിലെ സാങ്കേതികപ്രശ്നങ്ങൾ കേന്ദ്ര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി. ശിവഗിരി മഠം സന്ദർശിച്ച് ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.