അറിവിന്റെ അരനൂറ്റാണ്ട് ആഘോഷിച്ച് പ്രേംനസീർ സ്മാരക ശാന്തി ഗ്രന്ഥശാല
text_fieldsആറ്റിങ്ങൽ: അരനൂറ്റാണ്ടായി നാടിന് അറിവേകുന്ന പ്രേംനസീർ സ്മാരക ശാന്തി ഗ്രന്ഥശാല വാർഷികാഘോഷത്തിന് ഒരുങ്ങുന്നു. 1972ൽ ഒക്ടോബറിൽ എൻ.ഇ.എസ് ബ്ലോക്കിൽ വാടകക്കെട്ടിടത്തിലാണ് ശാന്തി ആർട്സ്, സ്പോർട്സ് ആൻഡ് റീഡിങ് റൂം എന്ന പേരിൽ വായനശാല പ്രവർത്തനമാരംഭിച്ചത്.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എസ്. വാസുദേവൻ ആദ്യ പ്രസിഡന്റും എൻ. ധനപാലൻ സെക്രട്ടറിയുമായിരുന്നു. പിന്നീട് മുടപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. തുടർന്ന് വന്ന ഭാരവാഹികൾ ചലച്ചിത്രതാരം പ്രേംനസീറിനെ നേരിൽ കണ്ട് മുടപുരത്ത് വായനശാലക്ക് ഭൂമി ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചു. പ്രേംനസീർ മരിച്ചശേഷം ബന്ധുക്കൾ ഡയറി പരിശോധിച്ചപ്പോൾ ലൈബ്രറിക്ക് സൗജന്യമായി വസ്തു വിട്ടുകൊടുക്കാൻ രേഖപ്പെടുത്തിയത് കണ്ടു.
രണ്ട് സെന്റ് ഭൂമി വായനശാല സ്ഥാപിക്കാൻ സൗജന്യമായി നൽകാനാണ് കുറിച്ചിരുന്നത്. ബന്ധുക്കൾ മുടപുരം ജങ്ഷനിൽ ഭൂമി നൽകി. നാട്ടുകാരുടെയും പ്രവാസി സുഹൃത്തുക്കളുടെയും സാമ്പത്തിക സഹായം കൊണ്ട് സ്വന്തമായി കെട്ടിട്ടം നിർമിച്ചു. 1996 സെപ്റ്റംബർ 19ന് മന്ദിരോദ്ഘാടനം നടന്നു. അന്നുമുതലാണ് ഗ്രന്ഥശാല പ്രേംനസീറിന്റെ പേരിൽ അറിയപ്പെട്ടത്.
ഗ്രന്ഥശാലയുടെ 50ാം വാർഷികവും പ്രേംനസീറിന്റെ 34ാം അനുസ്മരണവും 15ന് വൈകീട്ട് 4.30ന് മുടപുരം ശ്രീ കോംപ്ലക്സിൽ വി. ശശി എം.എൽ.എ നിർവഹിക്കും. രാവിലെ 10 മുതൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചന മത്സരവും (പ്രേംനസീറിന്റെ ചിത്രം) 10.30 മുതൽ എച്ച്.എസ്, പൊതുവിഭാഗത്തിൽ പ്രേംനസീർ അഭിനയിച്ച സിനിമ ഗാനാലാപന മത്സരവും സംഘടിപ്പിക്കും. ഉച്ചക്ക് മൂന്നുമുതൽ ‘പ്രേംനസീർ എന്ന വ്യക്തിയും മനുഷ്യനും’ വിഷയത്തിൽ ഉണർവ് സാഹിത്യ കൂട്ടായ്മയുടെ ചർച്ചയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.