കേന്ദ്രീകൃത ശുചിമുറി മാലിന്യ പ്ലാന്റ്; ജനരോഷം ശക്തം
text_fieldsആറ്റിങ്ങൽ: ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കങ്ങൾക്കെതിരെ വെയിലൂർ മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. പ്രധാന ജനവാസമേഖലക്ക് സമീപമുള്ള റവന്യൂ ഭൂമി ഉപയോഗപ്പെടുത്തിയാണ് കേന്ദ്രീകൃത ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നത്. ഒരു ഭാഗത്ത് പട്ടികജാതി സങ്കേതങ്ങളും മറുഭാഗത്ത് മറ്റൊരു ജനവാസ മേഖലയുമാണ്.
സംസ്ഥാന സർക്കാറിന്റെ സുപ്രധാന പദ്ധതികളിലൊന്നായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും പാചകവാതക പൈപ്പുലൈനുമായി ബന്ധപ്പെട്ട കൺട്രോൾ യൂനിറ്റിന്റെയും പ്രവർത്തനവും ഇതിനടുത്താണ്. പതിറ്റാണ്ടുകളായി മേഖലയിലെ ജനങ്ങൾ കളിമൺ ഖനനം സൃഷ്ടിച്ച പ്രശ്നങ്ങൾ നേരിടുകയാണ്. ഇതിനിടയിലാണ് മാലിന്യ പ്ലാന്റ് തുടങ്ങാനുള്ള നീക്കം.
ഓരോ ജില്ലയിലും ഓരോ കേന്ദ്രീകൃത മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്. കേന്ദ്ര സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിലെ റവന്യൂ പുറമ്പോക്ക് ഭൂമിയാണ് ഇതിനായി ആദ്യം തെരഞ്ഞെടുത്തത്. അവിടെ പൊതുജന പ്രതിഷേധം ഉണ്ടായതോടെ അവിടെനിന്ന് പിന്മാറി.
തുടർന്ന് രണ്ടു മാസം മുമ്പാണ് വെയിലൂർ ഗവ. ഹൈസ്കൂളിനോടു ചേർന്ന ക്ലേ ഫാക്ടറി സ്ഥിതിചെയ്യുന്ന പ്രദേശം കേന്ദ്രീകരിച്ച് മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ ജില്ല പഞ്ചായത്ത് അനുമതിയായത്. ഇവിടെ കൂടുതൽ ഭൂമിയുണ്ടെന്ന കാരണം കണ്ടെത്തിയാണിത്. ഇതുമായി ബന്ധപ്പെട്ട് സർക്കാറിന്റെ വിവിധ ഏജൻസികൾ വിവരശേഖരണം നടത്തിയെങ്കിലും ശുചിമുറി മാലിന്യ പ്ലാന്റാണ് സ്ഥാപിക്കുന്നതെന്ന കാര്യം നാട്ടുകാരിൽനിന്ന് മറച്ചുെവച്ചത്രെ.
ഒരുമാസം മുമ്പ് ജില്ല കലക്ടറുടെ അനുമതിയോടെ സ്ഥലം അളന്നുതിട്ടപ്പെടുത്താൻ റവന്യൂവിഭാഗം സ്ഥലത്തെത്തിയപ്പോഴാണ് മാലിന്യപ്ലാന്റ് സ്ഥാപിക്കുന്ന വിവരം സ്ഥലവാസികൾ അറിഞ്ഞത്. ഇതോടെ ചിറയിൻകീഴ് തഹസിൽദാർ വേണുവിന്റെ നേതൃത്വത്തിൽ എത്തിയ റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ സമീപവാസികളും നാട്ടുകാരും ചേർന്ന് തടഞ്ഞു.
പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കലക്ടർ ഇടപെട്ട് ഉദ്യോഗസ്ഥ സംഘത്തെ പിൻവലിക്കുകയുമായിരുന്നു. അന്ന് സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നില്ല. ജനകീയസമരസമിതി രൂപവത്കരിച്ച് പ്രദേശവാസികൾ സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്ച ജില്ല പഞ്ചായത്ത് കാര്യാലയം നാട്ടുകാർ ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.