കുട്ടിക്കാലത്തെ രക്ഷാപ്രവർത്തനത്തിന് 10 വർഷത്തിനുശേഷം ആദരം
text_fieldsആറ്റിങ്ങൽ: അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്ന സിനിമ ഹിറ്റ് ആയതോടെ പത്തുവർഷം മുമ്പ് നടന്ന രക്ഷാപ്രവർത്തനത്തിന് വിദ്യാർഥിനിക്ക് നാട്ടുകാരുടെ ആദരം. ബി.ഡി.എസ് രണ്ടാംവർഷ വിദ്യാർഥി ആറ്റിങ്ങൽ താഴെയിളമ്പ സ്വദേശിനി അക്ഷയക്കാണ് നാട്ടുകാർ ആദരവ് നൽകിയത്. ഗ്രാമപഞ്ചായത്തും അനുമോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അക്ഷയ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. മഴപെയ്ത് നിറഞ്ഞുകിടക്കുന്ന തോടിനരികിൽക്കൂടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു അക്ഷയ. മറ്റൊരു ട്യൂഷൻ സെന്ററിൽനിന്ന് വരുന്ന, അക്ഷയയേക്കാൾ ഒരു വയസ് കുറവുള്ള ഏതാനും കുട്ടികൾ മുന്നിലുണ്ട്. തോട്ടുവെള്ളത്തിൽ കുടമുട്ടിച്ച് കളിച്ചുനടന്ന ഒരു വിദ്യാർഥി പെട്ടെന്ന് തെന്നി തോട്ടിൽ വീണു. ഒഴുക്കിൽ കുട്ടി മുങ്ങിത്താണ് ഒഴുകിപ്പോയി. പാലത്തിനടുത്തേക്ക് കുട്ടി ഒഴുകിയെത്താറായപ്പോഴേക്കും മറുവശത്തെത്തിയ അക്ഷയ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ ബാഗിൽ പിടിച്ച് കരയിലേക്ക് വലിച്ചുകയറ്റി. മറ്റു കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോൾ അക്ഷയയുടെ മനോധൈര്യം കൊണ്ട് മാത്രമാണ് ഒഴുക്കിൽപെട്ട കുട്ടി രക്ഷപ്പെട്ടത്.
കൂട്ടുകാരനെ ഗുണാ കേവിൽനിന്ന് രക്ഷിച്ച സുഹൃത്തുക്കളുടെ കഥപറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെയാണ് കൂട്ടുകാരനെ രക്ഷിച്ച അക്ഷയയെ നാട്ടുകാർ ഓർത്തത്. തുടർന്ന് പള്ളിയറ ക്ഷേത്രത്തിലെ ഉത്സവസ്ഥലത്ത് വെച്ച് അക്ഷയയെ ആദരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അക്ഷയയെ പൊന്നാട അണിയിച്ചു ഉപഹാരവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.