തെരുവിൽ ഉറങ്ങുന്നവർക്ക് പുതപ്പുമായി കുട്ടികൾ
text_fieldsആറ്റിങ്ങൽ: മഞ്ഞുകാലത്തിന് തുടക്കമായതോടെ തെരുവുകളിൽ അന്തിയുറങ്ങുന്നവർക്ക് തണുപ്പിൽനിന്ന് രക്ഷനേടാൻ കുരുന്നുകളുടെ കൈത്താങ്ങ്. വക്കം ഗവ.എച്ച്.എസ്.എസിലെ സ്റ്റുഡൻസ് പൊലീസ് കാഡറ്റ് അംഗങ്ങളാണ് ആറ്റിങ്ങലിലും സമീപ മേഖലകളിലും തെരുവുകളിലും ക്ഷേത്ര പരിസരങ്ങളിലും ബസ്റ്റാൻഡുകളിലും അന്തിയുറങ്ങുന്നവർക്ക് കമ്പിളി പുതപ്പുകൾ നൽകിയത്.
കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതപ്പുകൾ നൽകിയത്. കുട്ടികളുടെപിന്തുണയോടെ 77 പുതപ്പുകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. അതിൽ 15 പുതപ്പുകൾ വൃദ്ധസദനത്തിലെ നിരാശ്രയരായ അമ്മമാർക്ക് സമ്മാനിച്ചു. മറ്റു പുതപ്പുകൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ട് ഒറ്റക്ക് കഴിയുന്നവർക്ക് നൽകി.
ഇതിനായി വിദ്യാർഥികളും അധ്യാപകരും രാത്രിയിൽ തെരുവുകളിലിറങ്ങി. വക്കം മുതൽ തിരുവനന്തപുരം തമ്പാനൂർ വരെ രാത്രിയിൽ തെരുവിൽ കിടക്കുന്നവരെ കണ്ടെത്തി നേരിട്ട് പുതപ്പ് കൈമാറി. ‘ശിശിരപുതപ്പ് ചലഞ്ച്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.