മുതലപ്പൊഴി മണൽ നീക്കം ഉദ്യോഗസ്ഥ സംഘത്തെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞു
text_fieldsആറ്റിങ്ങൽ: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്തെ മണൽനീക്കം ഇഴയുന്നതിൽ പ്രതിഷേധിച്ച് അദാനി ഗ്രൂപ്പിന്റെയും ഹാർബർ എൻജിനീയറിങ് വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. സി.ഐ.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞുവെച്ചത്. അടിയന്തരമായി ഡ്രഡ്ജറുകളെത്തിച്ച് മണൽനീക്കം വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധമുണ്ടായത്.
നിലവിൽ നടക്കുന്ന മണൽ മാറ്റൽ പ്രവർത്തനം വിലയിരുത്താനാണ് ഹാർബർ എഞ്ചിനയറിങ് വകുപ്പിലെയും അദാനി പോർട്ട് കമ്പനിയുടെയും പ്രതിനിധികൾ സ്ഥലം സന്ദർശിച്ചത്. നിലവിലെ മണ്ണുമാന്തി യന്ത്രം ഉപയോഗപ്പെടുത്തിയുള്ള മണൽനീക്കം കാര്യക്ഷമമല്ലെന്നും ഡ്രഡ്ജറുകൾ എത്തിച്ച് കൂടുതൽ വേഗത്തിലാക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ രംഗത്തുവന്നത്. നിലവിലെ സാഹചര്യത്തിൽ ഡ്രഡ്ജറുകൾ എത്തിക്കുന്നതിന് കാലാവസ്ഥ അനുകൂലമല്ലെന്നും, കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും അദാനി പോർട്ട് കമ്പനിയുടെ എൻജിനീയറിങ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഡ്രഡ്ജർ എത്തിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കഠിനംകുളം, കോസ്റ്റൽ പോലീസ് സംഘം സ്ഥലത്തെത്തി ഉദ്യോഗസ്ഥർക്ക് സംരക്ഷണമേകി.
തുടർന്ന് നടത്തിയ ചർച്ചകളും ഫലംകാണാതെ പോയതോടെ ഉദ്യോഗസ്ഥ സംഘം ത്രിശങ്കുവിലായി.
വൈകുന്നേരം ഫിഷറീസ് ഡയറക്ടറുമായി ചേമ്പറിൽ ചർച്ച ചെയ്യാൻ അവസരമൊരുക്കാമെന്ന നിർദ്ദേശം ഉദ്യോഗസ്ഥ സംഘം മുന്നോട്ടുവെച്ചു. ഈ ധാരണയിൽ സമരക്കാർ തൽക്കാലം പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.