ചരിത്രനായകർക്ക് ദൃശ്യരൂപമേകി കൊളാഷ് സുരേഷ്
text_fieldsആറ്റിങ്ങല്‍: കിളിമാനൂർ കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ കിളിമാനൂരിന്റെ രാജവംശ ചരിത്രനായകരുടെ മനോഹര ദൃശ്യരൂപമൊരുങ്ങുന്നു. കിളിമാനൂർ കൊട്ടാരത്തിൽ ഒരുകാലത്ത് രാജാ രവിവർമക്കൊപ്പം ചിത്രകലയിൽ തങ്ങളുടേതായ കഴിവ് തെളിയിച്ച ചരിത്രനായകരാണ് രാജരാജവർമയും മംഗളബായി തമ്പുരാട്ടിയും.
എന്നാൽ നിലവിലെ കൊട്ടാരവളപ്പിൽ ഇവരുടെ ചിത്രങ്ങൾ ഇല്ല. ചരിത്രം അറിയാൻ എത്തുന്നവർക്ക് ഈ പ്രഗല്ഭരെ പരിചയപ്പെടുത്താൻ ഉതകുന്നതാണ് പുതിയ എണ്ണച്ചായ ചിത്രങ്ങൾ. ആറ്റിങ്ങല്‍ കൊളാഷ് ചിത്രകലാ അക്കാദമി ഡയറക്ടര്‍ കൊളാഷ് സുരേഷാണ് എണ്ണച്ചായത്തില്‍ ഇവരുടെ ചിത്രങ്ങള്‍ ഒരുക്കുന്നത്.
രാജാ രവിവര്‍മയുടെ അനുജനും സന്തതസഹചാരിയും ചിത്രമെഴുത്തില്‍ സഹായിയും ചിത്രകാരനുമായിരുന്ന രാജരാജവര്‍മ, സഹോദരിയും ചിത്രകാരിയുമായിരുന്ന മംഗളാബായി തമ്പുരാട്ടി എന്നിവരുടെ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. രാജാ രവിവര്‍മയുടെ നിഴലായി ജീവിച്ചയാളാണ് അനുജന് രാജരാജവര്‍മ. കിളിമാനൂര്‍ കൊട്ടാരത്തിലെ രാമലക്ഷ്മണന്മാര് എന്നാണ് രവിവര്‍മയെയും അനുജനെയും കുറിച്ച് അക്കാലത്ത് പലരും പറഞ്ഞിരുന്നത്.
സംസ്കൃതത്തിലും കാവ്യശാസ്ത്രാദികളിലും പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം സംഗീതത്തിലും ചിത്രകലയിലും ഒരുപോലെ നിപുണനായിരുന്നു. രാജരാജവര്‍മയെ ചിത്രകലാലോകത്തേക്കാനയിച്ചത് രവിവര്‍മയാണ്.
മറാത്തികന്യക, പാഴ്സി സ്ത്രീ, കഠിനംകുളം കായല്‍, ഹെഡ് പ്യൂണ്‍, സൂര്യാസ്തമനം, മലക്കറിക്കാരി, ശ്രീപത്മനാഭസ്വാമിക്ഷേത്രം, പൂക്കാരി, കൊയ്ത്ത്, നാട്ടുചായക്കട എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ രാജരാജവര്മയുടേതായിട്ടുണ്ട്. എ ടൂര്‍ ഇന്‍ അപ്പര്‍ ഇന്ത്യ എന്ന പേരില്‍ ഇംഗ്ലീഷിലുള്ള യാത്രാവിവരണവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
രാജാരവിവര്‍മയുടെ ഇളയ സഹോദരിയാണ് മംഗളാബായി തമ്പുരാട്ടി. 19ാം നൂറ്റാണ്ടില്‍ സ്വന്തം സ്റ്റുഡിയോയില്‍ ചിത്രരചന നടത്തിയ ആദ്യ വനിതയാണിവര്‍. ഇന്ന് പ്രചാരത്തിലുള്ള രാജാരവിവര്‍മയുടെ ചിത്രം, ഭിക്ഷ നൽകുന്നു എന്ന എണ്ണച്ചായചിത്രം, ഗാന്ധിജിയുടെ ചിത്രം എന്നിവ വരച്ചിട്ടുണ്ട്. ജലച്ചായത്തിലും എണ്ണച്ചായത്തിലും ഒരുപോലെ കരവിരുത് പ്രകടിപ്പിച്ചിരുന്നു ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.