കടയ്ക്കാവൂർ കോൺഗ്രസിൽ കൂട്ടരാജി, മണ്ഡലം പ്രസിഡൻറും ജനപ്രതിനിധികളും രാജിവെച്ചു
text_fieldsആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉൾപ്പെടെ ഒരു സംഘം പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. കടയ്ക്കാവൂർ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പൊട്ടിത്തെറി ഉണ്ടായത്. കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡൻറ് അഡ്വ. റസൂൽ ഷാൻ തൽസ്ഥാനം രാജിവെച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അഡ്വ. റസൂൽ ഷാൻ ബാങ്ക് പ്രസിഡൻറ് ആകും എന്ന് പ്രതീക്ഷിച്ചിരുന്നു. ഭരണം ഉറപ്പായപ്പോൾ ഇവിടെനിന്നുള്ള ഡി.സി.സി ഭാരവാഹി എം.ജെ. ആനന്ദ് പ്രസിഡൻറ് ആകാൻ ശ്രമിച്ചു. എ ഗ്രൂപ് പ്രതിനിധി രാജ് കടയ്ക്കാവൂരും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരത്തിനിറങ്ങി. ഇതോടെ തർക്കം ഉടലെടുത്തു. ബോർഡിൽ രണ്ടുപേർ റസൂൽ ഷാന് ഒപ്പവും രണ്ടു പേർ എം.ജെ. ആനന്ദിന് ഒപ്പവും രണ്ടു പേര് രാജ് കടയ്ക്കാവൂരിന് ഒപ്പവും നിലകൊണ്ടു. രണ്ടുപേർ നിഷ്പക്ഷ നിലപടും കൈകൊണ്ടു. ഇതോടെ നേതൃത്വവും തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന വർക്കല കഹാറും ആശയക്കുഴപ്പത്തിലായി.
തർക്കങ്ങൾക്കിടെ രാജ് കടയ്ക്കാവൂരിനും എം.ജെ. ആനന്ദിനും പ്രസിഡൻറ് സ്ഥാനം പങ്കിടാൻ ധാരണയായി. ആദ്യ വർഷം രാജ് കടയ്ക്കാവൂരും തുടർന്നുള്ള നാലു വർഷം ആനന്ദിനും ആണ് പ്രസിഡൻറ് സ്ഥാനം. ഇതോടെ രാജ് കടയ്ക്കാവൂരിനെ പ്രസിഡൻറാക്കി തീരുമാനിച്ചു.
അഞ്ചു വർഷം മുമ്പ് നടന്ന ബാങ്ക് തെരഞ്ഞെടുപ്പിലും റസൂൽ ഷാൻ അവസാന നിമിഷം ഭാരവാഹി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. വീണ്ടും സമാന സ്ഥിതി വന്നതോടെയാണ് മണ്ഡലം പ്രസിഡൻറ് സ്ഥാനം രാജിവെച്ചത്. പഞ്ചായത്തിൽനിന്നുള്ള ഡി.സി.സി ഭാരവാഹി ഏകപക്ഷീയമായി കാര്യങ്ങൽ തീരുമാനിക്കുകയും എല്ലാ സ്ഥാനങ്ങളും കൈക്കലാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് മറ്റു പ്രവർത്തകർ രാജിവെച്ചത്.
മത്സരിക്കാൻ താൽപര്യം ഇല്ലാതെ മാറി നിന്ന തന്നെ വിളിച്ചിറക്കി അപമാനിക്കുകയാണ് നേതൃത്വം ചെയ്തതെന്നും ഭാവി പരിപാടികൾ ആലോചിച്ചു തീരുമാനിക്കുമെന്നും അഡ്വ.റസൂൽ ഷാൻ പറഞ്ഞു.
മുൻ പഞ്ചായത്ത് പ്രസിഡൻറും നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബീന രാജീവ്, മഹിളാ കോൺഗ്രസ് നേതാവ് മിനി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ തുടങ്ങിയവർ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു.
സൊസൈറ്റി പ്രസിഡൻറ് സ്ഥാനത്തേക്ക് ഒരു വർഷത്തിനു ശേഷമുള്ള വ്യക്തിയെ അപ്പോൾ മാത്രമേ തീരുമാനിക്കൂ എന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും ഡി.സി.സി സെക്രട്ടറി എം.ജെ. ആനന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.