കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും; വാമനപുരം നദിയിൽ പുതിയ തടയണനിർമാണം ആരംഭിച്ചു
text_fieldsആറ്റിങ്ങൽ: വേനൽക്കാലത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാമനപുരം നദിയിൽ പുതിയ തടയണനിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വാമനപുരം നദിയിലെ നീരോഴുക്ക് ക്രമപ്പെടുത്തുന്നതിന് കൊല്ലമ്പുഴയിലാണ് പുതിയ ചെക്ക്ഡാം നിർമിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 400 മീറ്റർ ദൂരത്തിൽ നദിയുടെ ഇരുകരകളിലും പാർശ്വഭിത്തി നിർമിക്കും. തുടർന്നാണ് ചെക്ഡാമിന്റെ പണികൾ ആരംഭിക്കുക. 45 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്ന് ഘട്ടങ്ങളിലായാണ് പണികൾ പൂർത്തിയാക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷനാണ് നിർമാണ ചുമതല.
വാമനപുരംനദി കേന്ദ്രീകരിച്ച് ജില്ലയിലെ പകുതിയോളം ഭാഗങ്ങളിൽ കുടിവെള്ളവിതരണപദ്ധതികളുണ്ട്. വേനൽക്കാലത്ത് നീരൊഴുക്ക് നിലച്ച് നദിയുടെ അടിത്തട്ട് കാണുന്നത് പതിവാണ്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഗാർഹിക, ഗാർഹികേതര വാട്ടർ കണക്ഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖല കേന്ദ്രീകരിച്ച് വാമനപുരം നദിയിൽ ഒരു ഡസനോളം ശുദ്ധജലപദ്ധതികളുണ്ട്. തീരദേശ പഞ്ചായത്തുകൾ കുടിവെള്ളത്തിനായി മഴക്കാലത്തും ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. വേനൽക്കാലത്ത് എല്ലാ മേഖലയിലും കുടിവെള്ളവിതരണം മുടങ്ങുമായിരുന്നു.
വേനൽക്കാലത്ത് കടലിൽനിന്ന് ഉപ്പുവെള്ളം നദിയിൽ കയറി കുടിവെള്ളവിതരണത്തെ ബാധിച്ചതിനെത്തുടർന്നാണ് പൂവൻപാറ പാലത്തിന് സമീപം 15 വർഷം മുമ്പ് സ്ഥിരം തടയണ നിർമിച്ചത്. ഇതുകൊണ്ട് ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിഞ്ഞെങ്കിലും നദിയിലെ ജലം സംഭരിച്ച് നിർത്താൻ കഴിഞ്ഞില്ല. പിന്നീട് എല്ലാ വർഷവും ഒരു മീറ്റർ ഉയരത്തിലും 45 മീറ്റർ നീളത്തിലും തടയണ താൽക്കാലികമായി ഉയർത്തുമെങ്കിലും ജലസംഭരണം കാര്യക്ഷമമായില്ല. ചെക്ക് ഡാം നിർമാണത്തിലൂടെ ഇതിന് പരിഹാരമാകും.
പാർശ്വഭിത്തിക്കായി നദിയിൽ തെങ്ങിൻതടികൾ കുഴിച്ചിടുന്ന ജോലികളാണിപ്പോൾ നടക്കുന്നത്. അത് പൂർത്തിയായാൽ പാർശ്വഭിത്തിയുടെ നിർമാണം ആരംഭിക്കും. കാലാവസ്ഥ, നദിയിലെ നീരൊഴുക്ക് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾ. ജലജീവൻ മിഷൻ പദ്ധതി നടപ്പായതിനുശേഷം ഉപഭോക്താക്കൾ വലിയ തോതിൽ വർധിച്ചിരുന്നു. ഇതിനനുസൃതമായി ജലസംഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇൗ പശ്ചാത്തലത്തിലാണ് വാമനപുരംനദിയിലെ ജലം സംഭരിച്ചുനിർത്തുന്നതിനുള്ള പദ്ധതി അടിയന്തരസ്വഭാവത്തോടെ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.