വിധി നിർണയത്തെചൊല്ലി വിധി നിർണയത്തെചൊല്ലി
text_fieldsആറ്റിങ്ങൽ: പരിചമുട്ട് വേദിയിൽ വിധി നിർണ്ണയത്തെ ചൊല്ലി തർക്കം. മാധ്യമ പ്രവർത്തകർക്ക് നേരെയും അക്രമം.ഹൈസ്കൂൾ വിഭാഗം പരിചമുട്ട് കളിയുടെ ഫലപ്രഖ്യാപനം വന്നപ്പോളാണ് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ നാലാം നമ്പർ വേദിക്ക് മുന്നിൽ സംഘർഷാവസ്ഥയുണ്ടായത്. മത്സരിച്ചവരും പ്രേക്ഷകരും ഒട്ടും പ്രതീക്ഷിക്കാത്ത ടീമിന് ഒന്നാം സ്ഥാനം ലഭിക്കുകയും മികച്ച നിലവാരം പുലർത്തിയ ടീമുകൾക്ക് ബി ഗ്രേഡ് മാത്രം ലഭിക്കുകയും ചെയ്തു. ഇതോടെ മത്സരാർഥികളും അധ്യാപകരും പ്രതിഷേധിച്ച് വിധികർത്താക്കൾക്കരികിലേക്ക് നീങ്ങി. ഉടൻ പൊലീസും സംഘാടകരുമെത്തി ഇവരെ തടഞ്ഞു നിർത്തി. മത്സരാർഥികളെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. എന്നാൽ, അധ്യാപകർ പിന്തിരിയാൻ തയാറായില്ല.
മത്സരിച്ച ടീമുകളിൽ വിജയിയുടെ മേന്മയും പരാജയപ്പെട്ടവരുടെ ന്യൂനതകളും വ്യക്തമാക്കണമെന്ന് അധ്യാപകർ ആവശ്യം ഉന്നയിച്ചു. എന്നാൽ, നിയമാവലി അതിനു അനുവദിക്കുന്നില്ലെന്നും നിങ്ങൾക്ക് പ്രോഗ്രാം കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് പരാതി നൽകാം എന്നും സംഘാടകർ അറിയിച്ചു. ഇതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ മത്സരാർഥികളിൽ ചിലർ പാഞ്ഞടുക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ മീഡിയ സെൻററിലെത്തി മാധ്യമപ്രതിനിധികളുമായി സംസാരിക്കുകയും അക്രമം നടത്തിയവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ബന്ധപ്പെട്ട വിദ്യാലയത്തിലെ അധ്യാപകരെത്തി മാധ്യമ പ്രവർത്തകരോട് മാപ്പ് പറഞ്ഞു. പരിചമുട്ട് കളി നടക്കവേ ഒരു പരിശീലകൻ വേദിക്ക് വശത്ത് നിന്നും ഒരു മത്സരാർഥിയെ ജഡ്ജസിനുകൊണ്ട് കാണിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഈ മത്സരാർഥി ഉൾപ്പെടുന്ന ടീമിനാണ് ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ളതെന്ന് ചൂണ്ടികാട്ടി മറ്റു സ്കൂളുകാർ ഡി.ഡിക്ക് പരാതി നൽകി.
അകത്ത് മൂകം; പുറത്ത് പ്രതിഷേധം
അറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വേദി -ആറിൽ അരങ്ങേറിയ മൂകാഭിനയ ഫലപ്രഖ്യാപനത്തിലെ പരാമർശത്തെ ചൊല്ലി പ്രതിഷേധം. അപ്പീൽ വാങ്ങിയെത്തിയവരടക്കം എച്ച്.എസ്.എസ് വിഭാഗത്തിൽ 15 ടീമുകൾ പങ്കെടുത്ത പെൺകുട്ടികളുടെ മൂകാഭിനയ മത്സര ഫലപ്രഖ്യാപനത്തിൽ ‘തലകുത്തിമറിയലും തറയിൽ കിടന്നിഴയലുമല്ല, മൈം’ എന്ന് പറഞ്ഞ ജഡ്ജസിലൊരാളുടെ പരാമർശമാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
ജഡ്ജസിനെ തടഞ്ഞായിരുന്നു പ്രതിഷേധം. പൊലീസിന്റെ അനുനയത്തിലൂടെയാണ് സംഘർഷത്തിന് ശമനമുണ്ടായത്.
താരതമ്യേന നല്ല നിലവാരം പുലർത്തിയ മത്സരം രാവിലെ 10ന് തുടങ്ങിയ ഉച്ചക്ക് 1.30യോടെ അവസാനിച്ചു. പങ്കെടുത്ത 15 ടീമുകളിൽ 14 പേർക്കും എ ഗ്രേഡായിരുന്നു. ഒരു ടീമിന് മാത്രം ബി. കിളിമാനൂർ ആർ.ആർ.വി ഗേൾസാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.