സിപിഎം ആറ്റിങ്ങൽ ഏരിയാ സമ്മേളനം; ആഭ്യന്തരവകുപ്പിനും ഇ.പിക്കും എതിരെ കടുത്ത വിമർശനം
text_fieldsആറ്റിങ്ങൽ: സി.പി.എം ആറ്റിങ്ങൽ ഏരിയാ സമ്മേളനത്തിൽ സംസ്ഥാന ആഭ്യന്തരവകുപ്പിനും പാർട്ടി നേതാക്കൾക്കും എതിരെ കടുത്ത വിമർശനം. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലാണ് പ്രതിനിധികൾ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്. സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണ്. പോലീസിൽ ആർ.എസ്.എസ് പിടിമുറുക്കിയത് ഇതിനാലാണ്. ഇത് യഥാസമയം കണ്ടെത്തി തിരുത്താനായില്ല.
സി.പി.എം നേതാവ് ഇ.പി.ജയരാജനെതിരെയും രൂക്ഷമായ വിമർശനം ഉണ്ടായി. പാർലമെൻറ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ മുഖ്യപങ്ക് ഇ.പിക്ക് ഉണ്ടെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ചർച്ചയിൽ ഉയർന്നു വന്ന മറ്റൊരു പ്രധാന വിമർശനം പാർട്ടി നേതാക്കളുടെ ധാർഷ്ട്യത്തെക്കുറിച്ചായിരുന്നു. ജനങ്ങളോട് മാത്രമല്ല പാർട്ടി പ്രവർത്തകരോടും നേതാക്കൾ ഇങ്ങനെയാണ് പെരുമാറുന്നതെന്ന് ആരോപണം ഉണ്ടായി. നവ കേരള സദസ്സ് പരാജയമായിരുന്നെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. പാർട്ടിയുടെ നിരന്തരമുള്ള ഫണ്ട് പിരിവുകൾ സംബന്ധിച്ചും പരാതി ഉയർന്നു.
നിരന്തര കാമ്പയിനുകളുടെ ഭാഗമായ പിരിവുകൾ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്ന് ഒരു സമ്മേളന പ്രതിനിധി ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിന് പുറമേ പൊതുമരാമത്ത് ആരോഗ്യം ധനകാര്യ വകുപ്പുകൾക്ക് നേരെയും വിമർശനം ഉണ്ടായിട്ടുണ്ട്. ആറ്റിങ്ങൽ പൂജാ കൺവെൻഷൻ സെൻററിൽ ആണ് സമ്മേളനം നടക്കുന്നത്. ആദ്യദിവസം പ്രവർത്തന റിപ്പോർട്ട് ഉള്ള ചർച്ചയാണ് നടന്നത്. വ്യാഴാഴ്ച പ്രതിനിധി സമ്മേളനം തുടരും. ചർച്ചയിൽ ഉയർന്ന ആരോപണങ്ങൾക്ക് നേതൃത്വം മറുപടി നൽകും. വൈകുന്നേരം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
നിലവിലെ ഏരിയ സെക്രട്ടറി എസ്.ലെനിൻ സ്ഥാനത്ത് ഇദ്ദേഹം മൂന്നുതവണ പൂർത്തിയാക്കിയിരുന്നു. ലോക്കൽ സമ്മേളനങ്ങളിൽ ഏരിയ സെക്രട്ടറിക്കെതിരെ രൂക്ഷമായ ആരോപണങ്ങളും വിമർശനങ്ങളും ഉണ്ടായിരുന്നു. ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം.പ്രദീപ് ഏരിയ സെക്രട്ടറി സ്ഥാനത്ത് സ്ഥാനത്തേക്ക് വരുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ ചിറയിൻകീഴ് ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷിനെയും പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.