‘സൂപ്പർഫാസ്റ്റ്’ സ്വന്തം കൈയാൽ നിർമിച്ച് ദിലീപ്
text_fieldsആറ്റിങ്ങൽ: വാഹനങ്ങളുടെ മിനി മോഡൽ നിർമിച്ച് കെ.എസ്.ആർ.ടി.സി താൽക്കാലിക ജീവനക്കാരൻ. കളമച്ചൽ സ്വദേശി പി.എസ്. ദിലീപാണ് കലാവിരുതാൽ അത്ഭുതം തീർക്കുന്നത്. മാതാപിതാക്കൾക്കും സഹോദരനുമൊപ്പം അയിലം കളമച്ചലിൽ ദിലീപ് ഭവനിലാണ് ഈ കലാകാരന്റെ താമസം. ഒറിജിനലിലെ പോലും വെല്ലുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ മിനിയേച്ചറുകളാണ് കൂടുതലും നിർമിക്കുന്നത്.
കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിൽ മെക്കാനിക്കൽ സെക്ഷനിൽ 12 വർഷം താൽക്കാലിക ജീവനക്കാരനായിരുന്നു. പിന്നീട് ജോലി നഷ്ടപ്പെട്ടു. ബസുകളുടെ ബാഹ്യരൂപം മാത്രമല്ല മെക്കാനിക്കൽ ഭാഗങ്ങൾ ഉൾപ്പെടെ സൂക്ഷ്മതയോടെ പുനഃസൃഷ്ടിക്കുന്നു ഇദ്ദേഹം. ബസുകൾ കണ്ട് ആകൃഷ്ടരായ പലരും ദിലീപിനോട് അതുപോലെ നിർമിച്ചുനൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മൾട്ടിവുഡ്, ഷീറ്റ് തുടങ്ങിയവയാലാണ് നിർമാണം. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, റിക്കവറി വാൻ തുടങ്ങി ഐ.എസ്.ആർ.ഒയുടെ ജീവനക്കാർക്കുള്ള ബസുകൾ സഹിതം ദിലീപിന്റെ ശേഖരത്തിൽ ഉണ്ട്. ഐ.ടി.ഐയിൽ നിന്ന് ഷീറ്റ് മെറ്റൽ കോഴ്സ് പാസായി. നിലവിൽ സീനിയർ മെക്കാനിക്കൽ ലിസ്റ്റിലുള്ള ദിലീപ് കെ.എസ്.ആർ.ടി.സിയിൽ സ്ഥിരം ജീവനക്കാരനാവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.