കിഴുവിലത്ത് കുടിവെള്ളം കിട്ടാക്കനി
text_fieldsആറ്റിങ്ങൽ: ഓണക്കാലത്തും കിഴുവിലം പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനിയായി. ആക്കോട്ടുവിള, അംബേദ്കർ ഗ്രാമം, കൊച്ചാലുംമൂട്, സീതി സാഹിബ് സ്കൂളിന് പിറകുവശം, വക്കത്തുവിള, മുടപുരം, ശിവകൃഷ്ണപുരം, കടയംകോണം, കടുവാക്കരക്കുന്ന്, കാട്ടുമ്പുറം, കാട്ടുവിള എന്നിവിടങ്ങളിൽ വെള്ളം കിട്ടിയിട്ട് ആഴ്ചകളോളമായി. കുടിവെള്ള പ്രശ്നംപരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റി നടപടിയും സ്വീകരിക്കുന്നില്ല. ഓണക്കാലത്ത് കൃത്യമായ ഇടവേളകളിൽ ജല വിതരണം നടത്തണമെന്നുള്ള അഭ്യർഥന നേരത്തേ തന്നെ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ, ഓവർവസിയർ എന്നിവരുടെ മുമ്പാകെ പഞ്ചായത്ത് അവതരിപ്പിച്ചിരിന്നു. കുടിവെള്ള വിതരണത്തിന് നടപടികൾ സ്വീകരിക്കാത്തതിനെതിരെ ഗുണഭോക്താക്കളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ജല വിതരണം നടത്താൻ തുടങ്ങിയ പദ്ധതി അഞ്ചുവർഷത്തിലധികമായി നാലു ദിവസത്തിലൊരിക്കൽ മാത്രമാണ് നടത്തുന്നത്. ആറ്റിങ്ങൽ വാട്ടർ അതോറിറ്റി നാലു ദിവസത്തിലൊരിക്കൽ എന്ന് പറയുമ്പോഴും 10 മുതൽ 15 ദിവസം വരെ ഇടവിട്ടാണ് ജല വിതരണം നടക്കുന്നത്. നിരവധി തവണ ജനപ്രതിനിധികൾ ഉദ്യോഗസ്ഥരുമായി യോഗങ്ങൾ നടത്തിയെങ്കിലും ഉറപ്പുകൾ പാലിക്കാറില്ല.
ജൂലൈ നാലിന് ചേർന്ന യോഗത്തിൽ മുടക്കം കൂടാതെ അഞ്ചു ദിവസത്തിലൊരിക്കൽ വെള്ളം ലഭിക്കുന്നെന്ന് ബന്ധപ്പെട്ട അസി. എൻജിനീയറും ഓവർസിയറും ഉറപ്പുവരുത്താമെന്നും സമ്മതിച്ചിരുന്നു. എന്നാൽ, തുടർന്നും ജലവിതരണത്തിൽ മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഓണക്കാലത്തും ആഴ്ചകളോളം ജല വിതരണം നടക്കാതിരുന്നതിനെ തുടർന്ന് അവിട്ടം ദിനത്തിൽ ജനപ്രതിനിധികൾ ഉൾപ്പടെ വാട്ടർ അതോറിറ്റി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമാണ് ജല വിതരണം നടത്തിയത്. പൈപ്പുകൾ സ്ഥാപിക്കുകയും കരാറുകാർക്ക് പണം കൊടുക്കാനുള്ള ഒരു വെള്ളാന സ്ഥാപനമായി മാത്രം ആറ്റിങ്ങൽ വാട്ടർ അതോറിറ്റി മാറിയിരിക്കുകയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ശ്രീകണ്ഠൻ നായർ ആരോപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കും റിസോർട്ടുകൾക്കും വെള്ളം മുടങ്ങാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ചില ഉദ്യോഗസ്ഥരും കരാറുകാരും പമ്പ് ഓപറേറ്റർമാരും ചേർന്ന് ചെയ്യുന്നതായി വ്യാപക ആക്ഷേപവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.