വൻ ലഹരി വേട്ട: ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ചുപേർ അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ (തിരുവനന്തപുരം): ചിറയിൻകീഴിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. അഞ്ചുപേർ അറസ്റ്റിൽ. നിരോധിത സിന്തറ്റിക് ഡ്രഗ്സ് ആയ എം.ഡി.എം.എയും കഞ്ചാവുമായിട്ടാണ് അഞ്ച് യുവാക്കളെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചിറയിൻകീഴ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടി രൂപ വിലവരുന്ന 62 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോയിലധികം കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തു.
ചിറയിൻകീഴ് കിഴുവിലം വില്ലേജിൽ മുടപുരം എൻ.ഇ.എസ് ബ്ലോക്കിൽ അക്ഷരം വീട്ടിൽ സജീവ് മുന്ന (28), കിഴുവിലം വില്ലേജിൽ മുടപുരം ഡീസൻറ്മുക്കിൽ തൗഫീഖ് മൻസിലിൽ മുബാറക് (28), കിഴുവിലം വില്ലേജിൽ മുടപുരം ഡീസൻറുമുക്ക് കാട്ടിൽവിള വീട്ടിൽ നിയാസ് (24), കിഴുവിലം വില്ലേജിൽ മുടപുരം ഡീസൻറ് മുക്ക് കൊല്ലം വിളാകത്ത് വീട്ടിൽ ഗോകുൽ എന്ന കണ്ണൻ (23), കടകംപള്ളി വില്ലേജിൽ കരിക്കകം വെട്ടുകാട് ചർച്ചിന് സമീപം സീ പാലസിൽ അഖിൽ ഫെർണാണ്ടസ് (23) എന്നിവരാണ് പിടിയിലായത്. ഇവർ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. മാസ വാടകക്കെടുക്കുന്ന വാഹനങ്ങളിലാണ് ഇത്തരം സംഘങ്ങൾ ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഹരിവസ്തുക്കൾ കേരളത്തിൽ എത്തിക്കുന്നത്.
ബംഗളൂരുവിൽനിന്ന് കാർ മാർഗമാണ് ലഹരി വസ്തുക്കൾ ഇവർ കൊണ്ടുവന്നത്. ഇതിന് മുമ്പും നിരവധി തവണ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ലഹരി മാഫിയ സംഘത്തിനിടയിൽ 'എം' എന്ന് രഹസ്യകോഡായി അറിയപ്പെടുന്ന എം.ഡി.എം.എ ക്രിസ്റ്റൽ രൂപത്തിലുള്ള മാരകമായ സിന്തറ്റിക് ലഹരി പദാർഥമാണ്. പാർട്ടി ഡ്രഗ്സ് എന്നും ഇത് അറിയപ്പെടും. ബംഗളൂരുവിൽനിന്നാണ് കൂടുതലായി ഈ ലഹരി വസ്തു കേരളത്തിലേക്ക് എത്തിക്കുന്നത്. വധശ്രമമടക്കം കേസുകളിലെ പ്രതികളാണ് ഇപ്പോൾ പിടിയിലായവർ. ഇവർ കഴിഞ്ഞ ആറ് മാസമായി ജില്ല ലഹരി വിരുദ്ധ സേനയുടെ നിരീക്ഷണത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.