ചിറ്റാറ്റിൻകരയിൽ ആന വിരണ്ടത് പരിഭ്രാന്തി പരത്തി
text_fieldsആറ്റിങ്ങൽ: ചിറ്റാറ്റിൻകരയിൽ ആന വിരണ്ടത് പരിഭ്രാന്തി പരത്തി; രണ്ടരമണിക്കൂറിനുശേഷം ആനയെ തളച്ചതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. ഉള്ളൂർ സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള ശിവപാർവതി എന്ന പിടിയാനയാണ് തിങ്കളാഴ്ച വൈകുന്നേരം നാലോടെ ഇടഞ്ഞത്.
ആനയുടെ പാപ്പാനായ കുട്ടപ്പന്റെ വീടിന് സമീപമാണ് രണ്ട് മാസമായി ആനയെ തളച്ചിരുന്നത്. തിങ്കളാഴ്ച ആനയെ തെങ്ങിൽ തളച്ചിരുന്നെങ്കിലും ഇടച്ചങ്ങലയുണ്ടായിരുന്നില്ല. പാപ്പാൻ സമീപത്തില്ലാതിരുന്ന സമയത്ത് ആന ബഹളം കൂട്ടുകയും ചങ്ങല അഴിയുകയും ചെയ്തു. തുടർന്ന് ആന റോഡിലേക്ക് കയറിയപ്പോഴേക്കും പാപ്പാനും സഹായിയും എത്തി. ഇരുവരും ആനയുടെ അടുത്തേക്ക് ചെന്നെങ്കിലും ആന തളക്കുന്നിടത്തേക്ക് പോകാൻ കൂട്ടാക്കാതെ നിന്നതോടെ പ്രതിസന്ധിയായി.
റോഡിൽ ഇരു ദിശകളിലേക്കും ഓടുകകൂടി ചെയ്തതോടെ പാപ്പാന്മാരും പരിഭ്രാന്തരായി. വിവരമറിഞ്ഞ് ആറ്റിങ്ങൽ പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. ഇതര സ്ഥലങ്ങളിൽ നിന്നുള്ള ആന പാപ്പാന്മാരും സ്ഥലത്തെത്തി. പൊലീസ് അറിയിച്ചതിനെതുടർന്ന് ഉള്ളൂരിൽനിന്ന് ഉടമയുമെത്തി.
ഭക്ഷ്യവസ്തുക്കൾ നൽകിയും മറ്റും ഇവർ ആനയെ അനുനയിപ്പിച്ച് 6.30 ഓടെ ഇടച്ചങ്ങല വിലങ്ങിട്ട് തളക്കുകയായിരുന്നു. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്ക തീർന്നത്. ചൂടാണ് ആനയെ പ്രോകോപിപ്പിക്കുന്നതെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.