ആറ്റിങ്ങലിൽ പ്രചാരണത്തിന് പ്രമുഖ നേതാക്കളെത്തുന്നു
text_fieldsആറ്റിങ്ങൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ പ്രചാരണപ്രവർത്തനങ്ങൾക്കായി പ്രമുഖ നേതാക്കളെത്തുന്നു. എൽ.ഡി.എഫിനുവേണ്ടി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ബുധനാഴ്ച വിവിധ പൊതുയോഗങ്ങളിൽ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ ഇടത് നേതാക്കൾ എന്നിവരുടെ പര്യടനം എൽ.ഡി.എഫ് ആസൂത്രണം ചെയ്യുന്നുണ്ട്.
എൻ.ഡി.എ ആറ്റിങ്ങൽ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെയോ കേന്ദ്ര ആഭ്യന്തരമന്ത്രിയെയോ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. ദേശീയ നേതാക്കളുടെ പര്യടനവും ആസൂത്രണം ചെയ്യുന്നുണ്ട്. യു.ഡി.എഫിനുവേണ്ടി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ, സംസ്ഥാന നേതാക്കൾ എന്നിവരുടെ പൊതുയോഗങ്ങൾക്കും ശ്രമം ആരംഭിച്ചു.
വ്യാപാരസ്ഥാപനങ്ങളിൽ വോട്ടുതേടി അടൂർ പ്രകാശ്
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ചൊവ്വാഴ്ച വാമനപുരം നിയോജക മണ്ഡലത്തിലെ പ്രധാന കവലകൾ കേന്ദ്രീകരിച്ചാണ് പര്യടനം നടത്തിയത്. രാവിലെ എട്ടിന് തേമ്പാംമൂട് ജങ്നിൽനിന്ന് ആരംഭിച്ചു. പനവൂർ, ചുള്ളിമാനൂർ, നന്ദിയോട്, പാലോട് എന്നിവിടങ്ങളിൽ പ്രധാന ജങ്ഷനുകളിൽ എത്തി വോട്ടർമാരെ കണ്ടു. ഉച്ചവിശ്രമത്തിനുശേഷം പാങ്ങോട്, കല്ലറ, വാമനപുരം, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ കടകമ്പോളങ്ങളിലും ബസ് സ്റ്റോപ്പുകളിലും എത്തി വോട്ട് തേടി. വൈകീട്ട് ആറരയോടെ മാണിക്കൽ ജുമാ മസ്ജിദിൽ ഇഫ്താറിലും പങ്കെടുത്തു.
സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും വോട്ട് അഭ്യർഥിച്ചും വി. ജോയ്
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയ് ചൊവ്വാഴ്ച വാമനപുരം നിയോജകമണ്ഡലത്തിൽ വാഹന പര്യടനം നടത്തി. രാവിലെ എട്ടിന് മിതൃമ്മലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് നീറമൺകടവ്, പാകിസ്താൻ മുക്ക്, മുതുവിള, പരപ്പിൽ, ചെറുവാളം, തെങ്ങുംകോട്, പാട്ടറ, കല്ലറ, പൂവത്തൂർ, മേലാറ്റുമൂഴി, കാഞ്ഞിരംപാറ എന്നിവിടങ്ങളിൽ എത്തി സ്വീകരണം ഏറ്റുവാങ്ങി.
ഉച്ചവിശ്രമത്തിനുശേഷം ആറാന്താനത്തുനിന്ന് പര്യടനം പുനരാരംഭിച്ചു. വാമനപുരം, ആനച്ചൽ, കളമച്ചൽ, കോട്ടക്കുന്നം, പഞ്ഞിയൂർ, നെല്ലനാട്, കീഴായിക്കോണം, വയ്യേറ്റ്, വെഞ്ഞാറമൂട്, മുക്കുന്നൂർ വഴി വലിയ കട്ടയ്ക്കാലിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനക്കൂട്ടം ഓരോ സ്വീകരണ പോയൻറിലും കാത്തുനിന്നു.
ക്ഷേത്രോത്സവങ്ങൾ കേന്ദ്രീകരിച്ച് വി. മുരളീധരൻ
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ ചൊവ്വാഴ്ച കൊടുമൺ മുടിപ്പുര ദേവീക്ഷേത്ര ദർശനത്തോടുകൂടിയാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് അഞ്ചുതെങ്ങ് പൂത്തുറ കടൽതീരം സന്ദർശിച്ചു. കടലാക്രമണവിഷയത്തില് ഇടപെടാൻ സംസ്ഥാന സർക്കാറിന് കേന്ദ്രമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.
താന്‍ നേരിട്ട് ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കൂടിയായ സ്ഥാനാര്‍ഥി പ്രദേശവാസികളെ അറിയിച്ചു. പ്രദേശത്ത് കേന്ദ്ര ഉദ്യോഗസ്ഥസംഘം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തീരദേശവാസികളുമായും അഞ്ചുതെങ്ങ് സെൻറ് റോക്കി ചർച്ച് ഫാദർ ബീഡ് മനോജുമായും വി. മുരളീധരന് കൂടിക്കാഴ്ച നടത്തി.
വിതുര, കരിപ്പാലം, ആനപ്പാറ, കൊടിയക്കാല, കല്ലാർ, മുട്ടമൂട്, ആറ്റുകാൽ, മണലി എന്നീ എന്നിവിടങ്ങളിൽ ക്ഷേത്രോത്സവങ്ങൾ സന്ദർശിച്ചു. പെരുംകൈത മേലാംകോട് ക്ഷേത്രത്തിന്റെ കുടുംബ സംഗമം, പാലോട് എൻ.ഡി.എ മണ്ഡലം കൺവെൻഷൻ, അരുവിക്കര മണ്ഡലം കൺവെൻഷൻ, കാട്ടാക്കട മണ്ഡലം കൺവെൻഷൻ എന്നിവയിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.