വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ; രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsആറ്റിങ്ങൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ടു സംഭവങ്ങളിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. ക്രൊയേഷ്യയില്‍ ജോലിവാഗ്ദാനം ചെയ്ത് 4,70,000 രൂപയും ജോബ് ആപ് വഴി പ്രവാസിയുടെ 19.5 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
ക്രൊയേഷ്യയില്‍ ജോലിവാഗ്ദാനം ചെയ്ത് ആറ്റിങ്ങല്‍ വി.വി ക്ലിനിക്കിന് സമീപം തിരുവാതിരയിൽ ആര്. അക്ഷയ് യുടെ (23) പണമാണ് തട്ടിയത്.
ചിറയിന്‍കീഴ്, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലുള്ള നാലുപേര്‍ ചേര്‍ന്ന് 4,70,000 രൂപ വഞ്ചിച്ചതായാണ് പരാതി. ക്രൊയേഷ്യയില്‍ ഹോട്ടലില്‍ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടര്‍ന്നാണ് അക്ഷയ് പണം കൈമാറിയത്.
2023 ഒക്ടോബര്‍ 12ന് മുടപുരം സ്വദേശികളായ രണ്ടുപേര്‍ക്കൊപ്പം അക്ഷയ് ക്രൊയേഷ്യയിലെത്തി. എന്നാല്‍, അവിടെ ഹോട്ടലില്‍ ജോലി ലഭിച്ചില്ല.
പുറത്ത് പോയി നിർമാണക്കമ്പനിയില്‍ ഏതാനും ദിവസം ജോലി ചെയ്തു. എന്നാല്‍, കൊണ്ടുപോയ സംഘം ഇത്തരത്തില്‍ പുറത്തുപോയി ജോലിചെയ്യുന്നതിനുള്ള അനുമതി നൽകിയില്ല. തുടര്‍ന്ന് വിവരങ്ങള്‍ നാട്ടിലറിയിക്കുകയും 2023 ഡിസംബര്‍ 12ന് നാട്ടിലെത്തുകയും ചെയ്തു.
നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജോബ് ആപ് വഴി മുദാക്കല്‍ വാളക്കാട് പീലിയോട്ടുകോണം കോയിക്കല്‍വീട്ടില്‍ പ്രശാന്തിനാണ് (36) പണം നഷ്ടമായത്. മൂന്നു മാസം മുമ്പ് നടന്ന തട്ടിപ്പ് സംബന്ധിച്ച് പ്രശാന്ത് സൈബര്‍ സെല്ലില്‍ പരാതി നൽകിയിരുന്നു.
കഴിഞ്ഞദിവസം നാട്ടിലെത്തിയതിനെതുടര്ന്ന് ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. പ്രശാന്തും കുടുംബവും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ്. ഓണ്‍ലൈന്‍ ജോലിക്കായി തിരച്ചില്‍ നടത്തുന്നതിടെയാണ് പ്രശാന്ത് തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ടത്.
ആറ് അംഗങ്ങളുള്ള വാട്സ്ആപ് ഗ്രൂപ്പില്‍ പ്രശാന്തിനെ അംഗമാക്കിക്കൊണ്ടാണ് ഓണ്‍ലൈന്‍ വഴി പണം തട്ടിയത്.നിശ്ചിത തുക അക്കൗണ്ടില്‍നിന്ന് നൽകുമ്പോള് ഒരു ഓണ്‍ലൈന്‍പ്രവൃത്തി ലഭിക്കും. ഇത് പൂര്‍ത്തിയാക്കിയാല്‍ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ആദ്യമാദ്യം ചെറിയ തുകകള്‍ നൽകി ലഭിച്ച പ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിച്ചു. ഇതു വിശ്വസിച്ച് വലിയ തുകകള്‍ നൽകി പ്രവൃത്തികള്‍ ഏറ്റെടുത്തു. എന്നാല്‍, ഇവയില്‍നിന്ന് പ്രതിഫലം ലഭിക്കണമെങ്കില്‍ കൂടുതല്‍ തുക നൽകി പ്രവൃത്തികള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം നൽകിക്കൊണ്ടിരുന്നു. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്ക് വന്‍തുക പ്രതിഫലം ലഭിക്കുന്നതായ വിവരങ്ങള്‍ ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
സംഭവം തട്ടിപ്പാണെന്ന് മനസ്സിലായതോടെ പണം നൽകുന്നത് നിര്‍ത്തി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളുടെ വാട്സ്ആപ് അക്കൗണ്ടുകള്‍ ഒരാള്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലായതായി പ്രശാന്ത് പൊലീസിന് നൽകിയ മൊഴിയില്‍ പറയുന്നു. ഇരു സംഭവത്തിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.