ആറു വരിയിൽ അതിദ്രുതം നിർമാണം; ഗ്രാമീണ-കാർഷിക മേഖലയിലൂടെ ആറ്റിങ്ങൽ ബൈപാസ് യാഥാർഥ്യത്തിലേക്ക്
text_fieldsആറ്റിങ്ങൽ: ചിരകാല സ്വപ്നമായിരുന്ന ആറ്റിങ്ങൽ ബൈപാസ് നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഗ്രാമീണ കാർഷിക മേഖലയിൽ കൂടി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കടമ്പാട്ടുകോണം- കഴക്കൂട്ടം പാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവര്‍ത്തനനമാണ് പുരോഗമിക്കുന്നത്. നിലവിലെ ദേശീയപാത ഭാഗത്ത് ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മരങ്ങളും പൂർണമായി മുറിച്ചു മാറ്റി.
പുതിയ ഓടയും വൈദ്യുതി പോസ്റ്റുകളും സ്ഥാപിക്കുന്നത് തുടരുന്നു. ഇതര മേഖലയിൽ സർവീസ് റോഡ് പൂർത്തിയാക്കുന്നതിനാണ് നിർമാണ കമ്പനി മുൻഗണന നൽകിയിട്ടുള്ളത്. സർവീസ് റോഡ് പൂർത്തിയായാൽ മാത്രമേ ഗതാഗതം അതുവഴയാക്കി ഇതര ഭാഗത്തെ നിർമാണം ആരംഭിക്കുവാൻ കഴിയൂ. ബൈപാസ് മേഖലയിൽ പ്രധാന റോഡിനുള്ള നിർമാണത്തിനാണ് മുൻഗണന. ഇവിടെയും ഏറ്റെടുത്ത ഭൂമിയിലെ മരങ്ങള്‍ മുറിക്കുകയും മണ്ണ് നിരത്തുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള പൂർത്തിയായി. മാമം മുതൽ കല്ലമ്പലം ആഴംകോണം വരെയുള്ള ബൈപാസ് മേഖലയിൽ വീതിയുള്ള പാത രൂപപ്പെട്ടു. ഇതുവഴി വേഗത്തിലാണ് ആറ് വരി പാത യാഥാർഥ്യമാകുന്നത്. കടമ്പാട്ടുകോണം മുതല്‍ കല്ലമ്പലം ആഴാകോണം വരെയും മാമം മുതല്‍ കഴക്കൂട്ടം വരെയും നിലവിലുള്ള പാത വീതികൂട്ടി പുതിയ റോഡ് നിർമിക്കുകയാണ്. ആഴാംകോണത്തുനിന്നും മാമത്തേയ്ക്ക് നിലവിലെ റോഡിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ബൈപാസ് റോഡാണ് നിര്‍മ്മിക്കുന്നത്.
ഈ ഭാഗത്താണ് മരംമുറിയും മണ്ണിടീലും സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ റോഡിനോട് ചേര്‍ന്നുള്ള വയലുകള്‍ കൂടി നികത്താനുള്ള ശ്രമം ഒരു വിഭാഗം വസ്തു ഉടമകൾ നടത്തി. ഇത് പ്രാദേശിക ഭരണ കൂടങ്ങളും റവന്യു വകുപ്പ്ഉദ്യോഗസ്ഥരും ഒന്നിച്ച് തടഞ്ഞു. വയലുകളിൽ കൂടിയാണ് ബൈപാസ് കൂടുതലും പോകുന്നത്. കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെയുള്ള 29.83 കിലോമീറ്റര്‍ ദൂരം ദേശീയപാത-66 ന്റെ 18-ാം റീച്ചാണ്. പാതയുടെ വികസനത്തിനായി 69 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ 10.9 കിലോമീറ്റര്‍ നീളത്തിലാണ് ബൈപാസ് നിര്‍മ്മിക്കുന്നത്. 40 ഹെക്ടറിലധികം ഭൂമിയാണ് ബൈപാസ് നിർമിക്കാനായി ഏറ്റെടുത്തിട്ടുള്ളത്. 100 കിലോമീറ്റര്‍ കുറഞ്ഞ വേഗം നൽകാന് പ്രാപ്തിയുള്ള ആറ് വരിപ്പാതയാണ് നിർമിക്കുന്നത്. പാതയില്‍ ആറ് മേൽപാലങ്ങളും 16 അടിപ്പാതകളും ഉണ്ടാകും. 795 കോടി ചെലവിട്ടാണ് നിർമാണം നടത്തുന്നത്. 30 മാസമാണ് നിർമാണകാലാവധി. ഓടയുടെ നിർമാണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.