ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തീപിടിത്തം, ഒഴിവായത് വൻദുരന്തം
text_fieldsആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിൽ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ വൻ അപകടം ഒഴിവാക്കി. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഡിപ്പോ വളപ്പിലെ കുറ്റിക്കാടിനാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് യദാസമയം ജീവനക്കാർ കാണുകയും ഉടൻ അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയും ചെയ്തു. രണ്ട് യൂനിറ്റ് ഫയർ എൻജിനുകൾ ഉടനെത്തുകയും തീ കെടുത്തുകയും ചെയ്തു.
ഡിപ്പോക്ക് പുറകുവശത്തെ ഉണക്കപ്പുല്ലിനും ചപ്പുചവറുകൾക്കുമാണ് തീപിടിച്ചത്. ഇവിടെ ഉപയോഗശൂന്യമായ നിരവധി ബസുകൾ ഇട്ടിരുന്നു. സ്ക്രാപ് ബസ് പാർക്കിങ് ഏരിയ എന്നറിയപ്പെടുന്ന ഈ ഭാഗത്ത് കാട് വെട്ടിത്തെളിക്കുകയോ ശുചീകരിക്കുകയോ ചെയ്യാറില്ല. വിദ്യാർഥികൾ ഒളിച്ചുനിന്ന് സിഗരറ്റ് വലിക്കുന്ന സ്ഥലമാണിത്. ഇത്തരത്തിൽ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നു തീ പടർന്നതകുമെന്ന് കരുതപ്പെടുന്നു. രണ്ടാഴ്ച മുമ്പ് ഇത്തരം സംഭവം കാണുകയും അധികൃതർ വിദ്യാർഥികളുടെ പുകവലി വിവരം പൊലീസിൽ ഉൾപ്പെടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരും ഇടപെട്ടിരുന്നില്ല. ഇതാണ് ആശങ്ക പടർത്തിയ തീപിടുത്തം സൃഷ്ടിച്ചത്.
കെ.എസ്.ആർ.ടി.സി ഡീസൽ പമ്പ് തീപിടിച്ച സ്ഥലത്തിന് അമ്പത് മീറ്റർ മാത്രം അകലെയാണ്. നിലവിൽ സർവിസ് നടത്തുന്ന ബസുകളുടെ പാർക്കിങ് ഏരിയയും ഇതിനോട് അടുത്ത് വരും. ഫയർഫോഴ്സ് കൃത്യ സമയത്ത് എത്തിയതിനാലാണ് വൻനാശനഷ്ടം ഒഴിവായത്. ആറ്റിങ്ങൽ സ്റ്റേഷൻ ഓഫിസർ ജെ. ജിഷാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോഹരൻ പിള്ള, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഹരീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ നോബിൾ കുമാർ മോഹൻകുമാർ, വിഷ്ണു, ഉണ്ണികൃഷ്ണൻ, സതീശൻ, ശ്രീരാഗ്, രതീഷ്, അനൂപ്, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗാരേജിന് സമീപം പുല്ല് ധാരാളമായി വളർന്നുനിൽക്കുന്നതും ചപ്പുചവറുകളും പാഴ്വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നതും തീപിടുത്ത സാധ്യത വർധിപ്പിക്കുമെന്ന് സ്റ്റേഷൻ ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.