ആറ്റിങ്ങൽ നഗരത്തിൽ തീപിടിത്തം; രണ്ട് കടകൾ പൂർണമായി നശിച്ചു
text_fieldsആറ്റിങ്ങൽ: നഗരത്തിൽ കച്ചേരി ജങ്ഷനിൽ വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം. രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു. നാല് കടകൾക്ക് കേടുപാടുണ്ടായി. അരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.കച്ചേരി ജങ്ഷൻ ബി.ടി.എസ് റോഡിലെ മധുര അലുമിനിയം, ശ്രീനാരായണ എൻറർപ്രൈസസ് എന്നിവയാണ് കത്തിനശിച്ചത്. പുലർച്ച നാലരയോടെയാണ് തീ പടർന്നത്. റോഡിലൂടെ പോയവർ കട കത്തുന്നത് കണ്ട് പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു.
ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം ഉടൻ സ്ഥലത്തെത്തി. സമീപ സ്റ്റേഷനുകളിൽനിന്നും ഫയർ എൻജിനുകൾ എത്തിച്ചു. കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നതായിരുന്നതിനാൽ രക്ഷാപ്രവർത്തനം സങ്കീർണമായി. ഇതിനോടുചേർന്ന് തുണിക്കടകൾ ഉൾപ്പെടെ സ്ഥാപനങ്ങളും ഭവനസമുച്ചയങ്ങളും ഉണ്ടായിരുന്നത് ആശങ്ക പടർത്തി.അഞ്ചു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ ഒമ്പതരയോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇതിനുശേഷം കെട്ടിടം പൊളിഞ്ഞുവീഴാനുള്ള സാധ്യത മുന്നിൽകണ്ട് എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചുമാറ്റി.
ആറ്റിങ്ങൽ പാർവതിപുരം ഗ്രാമം എസ്.കെ ഭവനിൽ ബേബിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. മധുര അലൂമിനിയം കുഴിമുക്ക് ശ്രീനാരായണ ഇല്ലത്തിൽ സുനിതയും ശ്രീനാരായണ എൻറർപ്രൈസസ് സുനിതയുടെ മകൾ ശ്വേതയുമാണ് നടത്തിയിരുന്നത്. 1600 സ്ക്വയർഫീറ്റ് വിസ്തീർണമുള്ളതായിരുന്നു മൂന്ന് കടമുറികൾ ഉൾപ്പെടുന്ന മധുര അലൂമിനിയം. ഇതിൽ അലൂമിനിയം, ചെമ്പ്, സ്റ്റീൽ പാത്രങ്ങളും അനുബന്ധ സാധനങ്ങളുമാണ് കച്ചവടം നടത്തിയിരുന്നത്. ശ്രീനാരായണ എൻറർപ്രൈസസിൽ ഡിസ്പോസബിൾ പാത്രങ്ങളും ഗിഫ്റ്റ് സാധനങ്ങളുമാണ് ഉണ്ടായിരുന്നത്. ഇരുകടകളിലെയും എല്ലാ സാധനങ്ങളും നശിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ വിള്ളൽ വീഴുകയും ജനാലയുടെ ചില്ലുകൾ തകരുകയും ചെയ്തു. ആറ് ഫയർ സ്റ്റേഷനുകളിൽനിന്നുള്ള 10 യൂനിറ്റ് പ്രവർത്തിച്ചാണ് തീ കെടുത്തിയത്.
കാരണം അജ്ഞാതം, അന്വേഷണം ആരംഭിച്ചു
ആറ്റിങ്ങൽ: കച്ചേരിനടയിൽ രണ്ട് കടകൾ പൂർണമായും നിരവധി സ്ഥാപനങ്ങൾ ഭാഗികമായും കത്തിയ സംഭവത്തിൽ വിവിധ വകുപ്പുകൾ അന്വേഷണമാരംഭിച്ചു. പ്രാഥമിക വിവരശേഖരണങ്ങളിൽ അപകട കാരണം അജ്ഞാതം. പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗവും തെളിവെടുത്തു. കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഇൻസ്പക്ഷൻ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആകാനുള്ള സാധ്യതയാണ് പൊലീസ് ഉദ്യോഗസ്ഥർ മുന്നിൽകാണുന്നത്. കെട്ടിടത്തിലെ വയറിങ്ങിെൻറ പഴക്കം ഇതിന് കാരണമായി പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് സ്ഥിരീകരണത്തിന് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. അപകടകാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന നിഗമനത്തിലാണ് കെ.എസ്.ഇ.ബി.
സമയോചിത രക്ഷാപ്രവർത്തനം അപകടത്തിെൻറ വ്യാപ്തി കുറച്ചു
ആറ്റിങ്ങൽ: ഫയർഫോഴ്സിെൻറ സമയോചിതമായ ഇടപെടൽ കൂടുതൽ അപകടം ഒഴിവാക്കി. ആറ്റിങ്ങൽ നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ തിങ്ങിനിൽക്കുന്ന മേഖലയാണ് കച്ചേരിനട. തീപിടിത്തമുണ്ടായ ബി.ടി.എസ് റോഡിലും ഇരുവശത്തും കടകൾ ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ബഹുനില ടെക്സ്റ്റൈൽസുകളും ഭവനസമുച്ചയവും ഇതിൽ ഉൾപ്പെടും. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടർന്നെങ്കിൽ വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്നു. രക്ഷാസംഘം സ്ഥലത്തെത്തുമ്പോൾ മധുര അലുമിനിയം കടയുടെ ഉൾവശം പൂർണമായി കത്തി തീനാളങ്ങൾ ആകാശത്തേക്ക് ഉയരുകയായിരുന്നു. ഇതര കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കലായിരുന്നു ഫയർഫോഴ്സിെൻറ ആദ്യ ദൗത്യം.
ആറ്റിങ്ങൽ, വർക്കല, കല്ലമ്പലം, വെഞ്ഞാറമൂട്, കഴക്കൂട്ടം, ചാക്ക എന്നീ നിലയങ്ങളിൽനിന്ന് പത്ത് യൂനിറ്റ് പ്രവർത്തിപ്പിച്ചാണ് തീ കെടുത്തിയത്. പഴക്കം ചെന്ന് അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തിെൻറ ഉള്ളിലേക്ക് പ്രവേശിക്കുന്നത് അസാധ്യമായതിനാൽ എക്സ്കവേറ്റർ ഉപയോഗിച്ച് ഒരുഭാഗം പൊളിച്ചുമാറ്റിയാണ് സേന തീ നിയന്ത്രണവിധേയമാക്കിയത്. തിരുവനന്തപുരം ജില്ല ഫയർ ഓഫിസർ എം.എസ്. സുവിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സ്റ്റേഷൻ ഓഫിസർ ജിഷാദ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ മനോഹരൻ പിള്ള, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ രാജേന്ദ്രൻ നായർ, വർക്കല അസി. സ്റ്റേഷൻ ഓഫിസർ അനിൽകുമാർ തുടങ്ങി അമ്പതോളം സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.