ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫിസിലെ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധ; ഒതുക്കിത്തീർക്കാൻ ശ്രമം
text_fieldsആറ്റിങ്ങൽ: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വിരമിക്കൽ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ, വിഷയം ഒതുക്കിത്തീർക്കാൻ ശ്രമം. ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് പി. മുരളി അടക്കം പഞ്ചായത്തിലെ പത്തോളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
പഞ്ചായത്തിലെ സ്വീപ്പറിന്റെ യാത്രയയപ്പിനോട് അനുബന്ധിച്ച് വിളമ്പിയ ഭക്ഷണത്തിൽനിന്നാണ് വിഷബാധയേറ്റത്. ഇക്കഴിഞ്ഞ ദിവസമാണ് സൽക്കാരത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫിസിൽ ഫ്രൈഡ് റൈസും ചിക്കനും ഐസ്ക്രീം ഒക്കെ അടങ്ങിയ ഭക്ഷണം വിളമ്പിയത്. പിറ്റേദിവസമാണ് പലർക്കും ശാരീരിക അസ്വസ്ഥതകളും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്.
ഒമ്പത് പേർ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി. മറ്റ് ഇരുപതോളം പേർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടത്രെ. 65ഓളം പേർ ഭക്ഷണം കഴിച്ചതായാണ് കണക്കാക്കുന്നത്. പ്രസിഡന്റിനെ കൂടാതെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജീവനക്കാർ എന്നിവരും ഭക്ഷ്യവിഷ ബാധയേറ്റവരിൽപെടുന്നു. പഞ്ചായത്ത് അംഗത്തിന്റെ മേൽനോട്ടത്തിലുള്ള കാറ്ററിങ് സെന്ററിൽനിന്നാണ് ഭക്ഷണങ്ങൾ എത്തിച്ചത്.
അതിനാൽതന്നെ വിഷയം ഇവർ പുറത്തറിയാതെ ഒതുക്കിത്തീർത്തു. ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ ഡിസ്ചാർജായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.