ലക്ഷംവീട് കോളനിയിൽ മാലിന്യക്കൂന; പ്രദേശവാസികൾ രോഗ ഭീതിയിൽ
text_fieldsആറ്റിങ്ങൽ: അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനിയിൽ മാലിന്യക്കൂമ്പാരം. പ്രദേശവാസികൾ പകർച്ചരോഗ ഭീതിയിൽ. അഞ്ചുതെങ്ങ് പഞ്ചായത്ത് ഏഴാം വാർഡിലെ (വലിയപ്പള്ളി ) പുത്തൻമണ്ണ് ലക്ഷംവീട് കോളനിയിലാണ് മാലിന്യം കുന്നുകൂടിയത്.
പ്രദേശത്തെ രണ്ടരമീറ്ററോളം വീതിയുണ്ടായിരുന്ന പ്രധാന തോട് സ്വകാര്യവ്യക്തികൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അധികൃതരുടെ ഒത്താശയോടെ നികത്തിയെടുത്തതോടെ ഇതുവഴി ഉണ്ടായിരുന്ന തോടിന്റെ നീരൊഴുക്ക് പൂർണമായും ഇല്ലാതാകുകയും ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയുമായിരുന്നു.
നിലവിൽ കഷ്ടിച്ച് ഒന്നരമീറ്ററോളം മാത്രം വീതിയുള്ള ഈ തോടിന്റെ ഇരുകരകളിലും വീടുകൾ തിങ്ങിനിറഞ്ഞ നിലയാണ്. ഇവയിൽ ചില വീടുകളിൽനിന്നുള്ള ശുചിമുറി പൈപ്പുകൾപോലും യാതൊരു മാദണ്ഡവും പാലിക്കാതെ ഈ തോട്ടിലേക്ക് ഒഴുക്കിവിടുകയാണന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ മൂക്കുപൊത്താതെ ഈ ഭാഗത്തേയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. പല സ്ഥലങ്ങളിലും മാലിന്യം കെട്ടിക്കിടന്ന് പുഴുവരിച്ച അവസ്ഥയിലായിക്കഴിഞ്ഞതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങളിലായുള്ള കിടപ്പുരോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവരുൾപ്പെടെയുള്ളവർക്ക് വിവിധ പകർച്ചവ്യാധികൾ പടരുന്നു.
പ്രാദേശിക ഭരണകൂടങ്ങളോടും ജനപ്രതിനിധികളോടും നിരവധി തവണ നാട്ടുകാർ ഈ വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും ശുചീകരണമെന്ന പേരിൽ എന്തെങ്കിലും കാട്ടിക്കൂട്ടലുകൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും കാര്യക്ഷമമായ യാതൊരു പ്രവർത്തനവും ഇതുവരെയും നടന്നിട്ടില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
നിലവിൽ കൊതുക് ശല്യം ഈ മേഖലയിൽ രൂക്ഷമാണ്. ഈ സ്ഥിതിക്ക് പരിഹാരം കാണാൻ അടിയന്തരമായി തോട് ശുചീകരിച്ച് ഇരുവശങ്ങളിലും അതിര് നിർമിച്ച് മുകളിൽ സ്ലാബുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അഞ്ചുതെങ്ങ് സജൻ അധികൃതർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.