മാലിന്യം തോട്ടിൽ തള്ളിയ വാഹന ഉടമക്ക് 20000 രൂപ പിഴ
text_fieldsആറ്റിങ്ങൽ: കരിച്ചിയിൽ പ്രദേശത്ത് മാലിന്യം തോട്ടിൽ തള്ളിയ വാഹനത്തെയും ഉടമയെയും കണ്ടെത്തി 20000 രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ. കീഴാറ്റിങ്ങൽ ജെ.പി നിവാസിൽ ജെ. പ്രകാശിന്റെ കെ.എൽ 16 എഫ് 5977 എന്ന രജിസ്ട്രേഷനുള്ള മഹീന്ദ്ര പിക് അപ് വാഹനത്തിൽ മാലിന്യം തോട്ടിൽ തള്ളിയതായി കണ്ടെത്തിയ നഗരസഭ ഉടമക്ക് പിഴ ചുമത്തുകയായിരുന്നു.
മാലിന്യം തോട്ടിൽ തള്ളാൻ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ആറ്റിങ്ങൽ കരിച്ചിൽ പ്രദേശത്ത് ചാക്കുകെട്ടുകളിലാക്കിയ മാലിന്യം തോട്ടിൽ തള്ളിയതിനെതുടർന്ന് ഒഴുക്ക് നിലക്കുകയും തോട് കരകവിഞ്ഞൊഴുകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
നാട്ടുകാരും വാർഡ് കാൺസിലറും വിവരം നഗരസഭയെ ധരിപ്പിക്കുകയും നഗരസഭ ചെയർപേഴ്സൺ എസ്. കുമാരിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഒരുലോഡ് മാലിന്യം തോട്ടിൽ തള്ളിയതായും പല സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള ഗുരുതര നിയമലംഘനം നടത്തിയതായും കണ്ടെത്തി.
ഗുരുതര നിയമലംഘനം നടത്തിയവരെ കണ്ടെത്തി വാഹനം കസ്റ്റഡിയിൽ എടുക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. നഗരസഭയും പൊലീസും നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ വാഹനത്തെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആലംകോട്-കിളിമാനൂർ റോഡിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിൽനിന്നുമുള്ള മാലിന്യമാണ് ചാക്കുകെട്ടുകളിലാക്കി തന്റെ വാഹനത്തിൽ കൊണ്ടുവന്ന് തോട്ടിൽ തള്ളിയതെന്ന് വാഹന ഉടമ നഗരസഭക്ക് നൽകിയ മാപ്പ് അപേക്ഷയിൽ പറയുന്നു. 20000 പിഴ ഒടുക്കിയശേഷമാണ് കസ്റ്റഡിയിലെടുത്ത വാഹനം പൊലീസ് വിട്ടുനൽകിയത്. ശേഷവും കരിച്ചിയിൽ പ്രദേശങ്ങളിലെ ആളിലാത്ത പുരയിടങ്ങളിൽ വ്യാപകമായ രീതിയിൽ ആക്രിക്കടയിൽനിന്നുമുള്ള മാലിന്യം തള്ളിയതായി നാട്ടുകാർ പറഞ്ഞു.
ഇത്തരത്തിൽ ലോഡ് കണക്കിന് മാലിന്യം തള്ളുമ്പോഴും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനോ ഇത്തരത്തിൽ മാലിന്യം കയറ്റി വിടുന്ന ആക്രിക്കടക്കെതിരെ നിയമനടപടി സ്വീകരിക്കാനോ അധികാരികാരികൾക്ക് സാധിക്കാത്തതിനെതിരെ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.