പൊന്നും പണവും രേഖകളും നഷ്ടമായി; രേഖകൾ തിരിച്ചുകിട്ടിയത് ശുചീകരണ തൊഴിലാളി വഴി
text_fieldsആറ്റിങ്ങൽ: പൊന്നും പണവും രേഖകളും നഷ്ടമായി, രേഖകൾ ശുചീകരണ തൊഴിലാളി വഴി തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ നഗരസഭ ശുചീകരണ തൊഴിലാളിക്ക് കളഞ്ഞുകിട്ടിയ രേഖകൾ യഥാർഥ ഉടമക്ക് കൈമാറി. കളഞ്ഞുകിട്ടിയ രേഖകളെ കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ വാർത്ത പ്രചരിച്ചത് ശ്രദ്ധയിൽപെട്ടപ്പോഴാണ് ഉടമയായ കവിത നഗരസഭ ഓഫിസിലെത്തിയത്.
കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിലെ ജീവനക്കാരിയായ കവിത ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കെ.എസ്.ആർ.ടി.സി ബസിൽ കയറി തിരക്കുണ്ടായിരുന്നതിനാൽ നിന്നാണ് യാത്ര ചെയ്തത്. കഴക്കൂട്ടത്തിറങ്ങിയ കവിത ചിറയിൻകീഴ് ഭാഗത്തേക്കുള്ള ബസിൽ കയറി ചിറയിൻകീഴ് സ്റ്റാൻഡിലിറങ്ങി.
കവിതയുടെ പക്കലുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന പഴ്സിലാണ് ഈ രേഖകളും അതോടൊപ്പം 10000 രൂപയും അര പവനോളം തൂക്കം വരുന്ന മാലയും മൂക്കുത്തിയും വീടിന്റെ താക്കോലും സൂക്ഷിച്ചിരുന്നത്. മകളുടെ കേടായ സ്വർണമാല ജോലി കഴിഞ്ഞ് മടങ്ങുംവഴി കടയിലെത്തി ശരിയാക്കാനായിരുന്നു കൈയിൽ കരുതിയത്. ബസിറങ്ങിയ ശേഷം ജ്വല്ലറി ഷോപ്പിലെത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കളവുപോയ വിവരം ഇവർ അറിയുന്നത്.
ആറ്റിങ്ങലിലെ ചവറു കൂനക്കുസമീപം മോഷ്ട്ടാവ് ഉപേക്ഷിച്ചു പോയ രേഖകളാണ് കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളി അജിക്ക് ലഭിച്ചത്. നഗരസഭ ഓഫിസിലെത്തി രേഖകൾ കൈപ്പറ്റിയ ശേഷം അജിക്ക് നന്ദി പറഞ്ഞ ശേഷം കവിത മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.